നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചു; ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നീക്കം

തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചു. ഇന്ന് തൃശ്ശൂരില്‍ നടന്ന നഴ്‌സുമാരുടെ സംഘടനാ യോഗത്തിലാണ് തീരുമാനം. സമരം നിര്‍ത്തിയാല്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്‌സുമാരുടെ സംഘടനയെ അറിയിച്ചിരുന്നു. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇന്ന് ഹൈക്കോടതിയും ഇന്ന് വ്യക്തമാക്കി.

ഹൈക്കോടതി നിശ്ചയിച്ച മദ്ധ്യസ്ഥരുടെ സമിതി പ്രശ്‌നം പരിഹരിക്കാന്‍ 19ന് യോഗം ചേരുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് അതുവരെ സമരം നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുക്കും. എന്നാല്‍, ചര്‍ച്ചകളില്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ട്? പോവുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.? സെക്രട്ടേറിയറ്റിനു മുന്നില്‍ 21ന് നടത്താനിരിക്കുന്ന സമരത്തില്‍ നിന്നും തല്‍ക്കാലം പിന്നോട്ടില്ല. 19ലെ ചര്‍ച്ചയ്ക്കു ശേഷമേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യു.എന്‍.എ നേതൃത്വം വ്യക്തമാക്കി.

സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതിനിടയില്‍ 2013-ല്‍ ശമ്പളപരിഷ്‌ക്കരണമുണ്ടായി. പിന്നീട് 2016-ല്‍ ശമ്പളം പുതുക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 2017-ലെത്തിയിട്ടും ഇതുവരെ മാറ്റമൊന്നുമുണ്ടാകാതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേക്കെത്തുന്നത്.

തൃശൂരിലും കണ്ണൂരിലുമൊക്കെ സമരം 16 ദിവസം പിന്നിട്ടു. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ അഞ്ചു ആശുപത്രികളിലായിരുന്നു സമരം. പിന്നീട് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഐഎന്‍എയുടെ നേതൃത്വത്തിലാണിവിടെ സമരം. തൃശൂരിലും നഴ്‌സുമാരുടെ സമരം 16 ദിവസം പിന്നിട്ടു. മറ്റു ജില്ലകളിലും നഴ്‌സുമാരുടെ സമരം തുടരുകയാണ്. ഇതിനിടയിലാണ് ആശുപത്രി മാനേജ്‌മെന്റ് നേഴ്‌സുമാരുടെ സമരത്തെ പ്രതിരോധിക്കാന്‍ കര്‍ശന നിലപാടുമായി സമരരംഗത്തേക്കെത്തുന്നത്.

സര്‍ക്കാരിന്റെ നേതൃത്വത്തിലടക്കം ചര്‍ച്ചകള്‍ നടത്തിയെങ്കിലും നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ട്രെയിനികളുടെ ജോലിസമയവും ശമ്പളവും നിശ്ചയിച്ചില്ലെന്നും നഴ്‌സുമാര്‍ പറയുന്നു. ശരാശരി ശമ്പളം 20,806 രൂപയാക്കിയതായും സര്‍ക്കാരിന് ചെയ്യാവുന്ന പരമാവധിയാണ് ചെയ്തിരിക്കുന്നതെന്നും സമരത്തില്‍നിന്ന് നഴ്സുമാര്‍ പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശമ്പളക്കാര്യത്തില്‍ കണക്കിലെ കളികളാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നതെന്നും ചെറിയൊരു വര്‍ധനവ് മാത്രമേയുണ്ടായുള്ളുവെന്നുമാണ് നഴ്‌സുമാര്‍ പറയുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: