നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: രജിസ്‌ട്രേഷന്‍, ഫീസ്, സിലബസ് – പൂര്‍ണ്ണ വിവരങ്ങള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നഴ്‌സിംഗ് ജോലി ലഭിക്കുന്നതിന് പുതിയതായി ഏര്‍പ്പെടുത്തിയ നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലാന്‍ഡ് (ആര്‍സിഎസ്‌ഐ) ആണ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തുന്നത്.

1. അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്നതിന്

അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്നതിന് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡിന്റെ (എന്‍എംബിഐ) ആക്ടീവ് രജിസ്റ്ററിലുണ്ടായിരിക്കണം.

അയര്‍ലന്‍ഡിനു പുറത്ത് പരിശീലനം നേടിയ വ്യക്തിക്ക് എന്‍എംബിഐയുടെ റെഗുലേറ്ററി അസസ്‌മെന്റ് പൂര്‍ത്തീകരിക്കണം. ഇതിനു ശേഷമായിരിക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുകയോ നിരസിക്കുകയോ ചെയ്യുക. രജിസ്‌ട്രേഷനു മുന്‍പായി അഡാപ്‌റ്റേഷന്‍ ആന്‍ഡ് അസസ്‌മെന്റ് കാലാവധി പൂര്‍ത്തിയാക്കുകയോ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വിജയിക്കുകയോ ചെയ്യണം.

2. ആര്‍സിഎസ്‌ഐ ടെസ്റ്റ്: പൊതു അവലോകനം

എന്‍എംബിഐയില്‍ ജനറല്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്ന വിദേശ നഴ്‌സുമാര്‍ക്കുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഏകോപനം ആര്‍സിഎസ്‌ഐയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ഫാക്കല്‍റ്റി വിഭാഗമാണ് ചെയ്യുന്നത്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് രണ്ടു ഭാഗങ്ങളാണുണ്ടാകുക

1. തിയറി അഥവാ നോളജ് ടെസ്റ്റ്
2. പ്രാക്ടിക്കല്‍ അഥവ ഒഎസ്‌സിഇ (OSCE) ടെസ്റ്റ്

രണ്ടു ടെസ്റ്റുകള്‍ക്കും രണ്ട് അവസരങ്ങള്‍ മാത്രമേ ലഭിക്കൂ. ആദ്യ തവണയും പിന്നീട് ഒരു തവണയും. തിയറി പേപ്പര്‍ രണ്ടാം ചാന്‍സില്‍ പൂര്‍ണ്ണമായും അറ്റന്‍ഡ് ചെയ്യണം. പ്രാക്ടിക്കല്‍ ടെസ്റ്റില്‍ ഏത് അഭിരുചി ടെസ്റ്റിലാണോ പരാജയപ്പെട്ടത് അത് മാത്രം വീണ്ടും എഴുതിയാല്‍ മതി. ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കിലും പരാജയപ്പെട്ടതു മാത്രം വീണ്ടും അറ്റന്‍ഡ് ചെയ്താല്‍ മതി. പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ റിസല്‍റ്റിനൊപ്പം ഇതു സംബന്ധിച്ച വിശദീകരണമുണ്ടാകും.

രണ്ടു പരീക്ഷകളും (തിയറി&പ്രാക്ടിക്കല്‍) വിജയിച്ചാല്‍ വിവരം എന്‍എംബിഐ യ്ക്ക് കൈമാറും. ഇതോടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് അപേക്ഷകനുമായുള്ള ആശയവിനിമയം ആര്‍സിഎസ്‌ഐ അവസാനിപ്പിക്കും. തുടര്‍ന്ന് രജിസ്‌ട്രേഷനുള്ള നടപടികള്‍ എന്‍എംബിഐയുമായി നേരിട്ട് നടത്തണം. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ രണ്ടു ഭാഗങ്ങളും രണ്ടു ചാന്‍സിലും വിജയിക്കാത്തവരുടെ റിപ്പോര്‍ട്ടും ആര്‍സിഎസ്‌ഐ എന്‍എംബിഐ യ്ക്ക് സമര്‍പ്പിക്കും.

ഫീസ് ഘടന:

ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (തിയറി& പ്രാക്ടിക്കല്‍) അടയ്ക്കുന്ന മടക്കി ലഭിക്കുന്നതല്ല. രണ്ടു ഭാഗങ്ങളായാണ് ഫീസ് അടയ്‌ക്കേണ്ടത്.

പാര്‍ട്ട് 1: ആയിരം യൂറോയാണ് തിയറി ടെസ്റ്റിനുള്ള അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ ഫീസ് അടയ്ക്കണം. തിയറി ടെസ്റ്റിനുള്ള ക്ഷണം ലഭിക്കുന്നതിനു മുന്‍പ് പാര്‍ട്ട് വണ്‍ ഫീസ് അടവ് പൂര്‍ത്തിയാക്കണം.

പാര്‍ട്ട് 2: തിയറി ടെസ്റ്റില്‍ വിജയിച്ചാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റിനുള്ള ക്ഷണം ലഭിക്കും. 1800 യൂറോ പ്രാക്ടിക്കല്‍ ടെസ്റ്റിനു ഹാജരാകാന്‍ ഫീസ് അടയ്ക്കണം.

അപേക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്‍എംബിഐ അല്ലാതെ മറ്റാരുമായും നേരിട്ടോ ഫോണ്‍ മുഖേനയോ പങ്കുവെക്കുന്നതല്ല. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ തട്ടിപ്പ് നടത്തുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അപേക്ഷന്റെ വിവരങ്ങള്‍ എന്‍എംബിഐയ്ക്ക് കൈമാറുന്നതാണ്. കാല്‍കുലേറ്റര്‍ ഒഴികെ ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും ടെസ്റ്റിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല.

ടെസ്റ്റ് സെന്റര്‍:

രണ്ടു ടെസ്റ്റുകളും നടക്കുന്ന കേന്ദ്രത്തിന്റെ വിലാസം,

ആര്‍സിഎസ്‌ഐ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സ്മര്‍ഫിറ്റ് ബില്‍ഡിംഗ്, ബ്യൂമൗണ്ട് ഹോസ്പിറ്റല്‍, ഡ്ബ്ലിന്‍-9

രണ്ടു ടെസ്റ്റുകള്‍ക്കും ഈ ഒരു സെന്റര്‍ മാത്രമേ ഉണ്ടായിരിക്കൂ. ടെസ്റ്റ് സെന്ററിനു സമീപം പെയ്ഡ് പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ചൈല്‍ഡ് കെയര്‍ സൗകര്യം ഉണ്ടായിരിക്കില്ല. സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. ഏതെങ്കിലും വിധത്തിലുള്ള വസ്തുക്കളുടെ നഷ്ടങ്ങള്‍ക്ക് ആര്‍സിഎസ്‌ഐ ഉത്തരവാദിയായിരിക്കില്ല. കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടിയുള്ള സ്ഥല സൗകര്യങ്ങള്‍ ലഭിക്കില്ല. ലഘു ഭക്ഷണങ്ങളും അപേക്ഷന്‍ കൊണ്ടുവരണം. ഭക്ഷണ സൗകര്യങ്ങളും ടെസ്റ്റ് സെന്ററില്‍ ലഭിക്കില്ല. താമസിച്ചെത്തുന്നവരെ ടെസ്റ്റിന് കയറാന്‍ അനുവദിക്കില്ല. ഇമിഗ്രേഷന്‍ സ്റ്റാറ്റസുമായോ ജോലിയുമായോ ബന്ധപ്പെട്ട് യാതൊരു ഉത്തരവാദിത്വവും ആര്‍സിഎസ്‌ഐയ്ക്കുണ്ടായിരിക്കുന്നതല്ല. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് http://www.inis.gov.ie എന്ന സൈറ്റിലും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് http://www.djei.ie എന്ന സൈറ്റിലും ബന്ധപ്പെടുക.

ടെസ്റ്റിന് എങ്ങിനെ തയാറെടുക്കാം. വിജയിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ മനസിലാക്കി തയാറെടുപ്പ് നടത്തണം. സിലബസ് എതു വിധത്തിലുള്ളതായിരിക്കും…ടെസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാളെ റോസ് മലയാളത്തില്‍ വായിക്കുക..

-എജെ-

 

Share this news

Leave a Reply

%d bloggers like this: