നഴ്സ് ആന്‍ലിയയുടെ ദുരൂഹമരണം: ഭര്‍ത്താവ് റിമാന്‍ഡില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊച്ചി: എറണാകുളം സ്വദേശിനിയായ നഴ്‌സ് ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ജസ്റ്റിന്‍ ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. സംഭവം നടന്നു നാല് മാസത്തിനു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെയാണു മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. യുവതിയുടെ പിതാവ് ഫോര്‍ട്ട്‌കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ്, ജസ്റ്റിനെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് തൃശൂര്‍ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.

ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു ആദ്യം അന്വേഷണച്ചുമതല. കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ മുഖ്യമന്ത്രിയെ സമീപിച്ചു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ശനിയാഴ്ച്ചയാണ് ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണ ചുമതല നല്‍കിയത്. ഇതറിഞ്ഞാണ് ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വി.എം ജസ്റ്റിന്‍ (29) ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള ഇയാളുടെ ശ്രമം പാളിയതോടെയാണ് കോടതിയില്‍ കീഴടങ്ങിയത്.

വിദൂര പഠന പദ്ധതിയില്‍ എം.എസ്.എസി നഴ്സിങിന് ബംഗളൂരില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് പരീക്ഷ എഴുതാന്‍ പുറപ്പെട്ട ആന്‍ലിയ തൃശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കാണാതായത്. ഓണാവധിക്ക് എത്തിയ ആന്‍ലിയ അവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുകയായിരുന്നുവെന്നും താനാണ് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടതെന്നും അറിയിച്ച് അന്നു തന്നെ ജസ്റ്റിന്‍ റെയില്‍വേ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് 28നാണ് ആന്‍ലിയയുടെ മൃതദേഹം ആലുവക്ക് സമീപം പെരിയാര്‍ പുഴയില്‍ പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം സംസ്‌കാര ചടങ്ങുള്‍പ്പടെയുള്ള പരിപാടികളിലൊന്നും ജസ്റ്റിനും കുടുംബവും പങ്കെടുത്തിരുന്നില്ല.

മകളുടെ മരണത്തില്‍ ദുരൂഹുതയുണ്ടെന്നും അവള്‍ക്ക് ഭര്‍തൃഗൃഹത്തില്‍ ശാരീരിക മാനസിക പീഡനങ്ങളുണ്ടായിട്ടുണെന്നും ഒരു പക്ഷെ കൊലചെയ്യപ്പട്ടേക്കാമെന്നും നേരിട്ടും ഡയറിക്കുറിപ്പുകളിലൂടേയും സഹോദരനുമായി വാട്സ് ആപ് വഴിയും സൂചിപ്പിച്ചത് ഉള്‍പ്പടെ അന്വേഷിക്കണമെന്നും ഏറെ കാലം ജിദ്ദയില്‍ പ്രവാസികളായിരുന്ന ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറക്കല്‍ ഹൈജിനസ് ഭാര്യ ലീലാമ്മ നിരന്തമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ജിദ്ദയില്‍ വച്ചും നാട്ടില്‍ വച്ചും പല പ്രാവശ്യം വാര്‍ത്താസമ്മേളനത്തിലൂടെ ഈ വിവരം പുറത്ത് വിട്ടിരുന്നു. കേസന്വേഷണത്തില്‍ തൃശൂര്‍ ജില്ലാ പൊലിസ് മേധാവി, ഗുരുവായൂര്‍ എ.സി.പി എന്നിവര്‍ക്കുള്ള അലംഭാവത്തെക്കുറിച്ചും ഹൈജിനസ് ശക്തമായാണ് പ്രതിഷേധിച്ചത്.

ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ബുധനാഴ്ച്ച ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ശനിയാഴ്ച്ച ജസ്റ്റിന്‍ കീഴടങ്ങിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് തിങ്കളാഴ്ച്ച രാവിലെ തന്നെ ആന്‍ലിയയുടെ പിതാവും ബന്ധുവും സുഹൂത്തുക്കളും ചാവക്കാട്ടെത്തിയിരുന്നു.
ഈ അന്വേഷണത്തിനിടയിലാണ് കേസന്വേഷണം ക്രൈ ബ്രാഞ്ചിന് നല്‍കിയ വിവരമറിയുന്നത്. ലോക്കല്‍ പൊലിസ് അന്വേഷണത്തില്‍ ജസ്റ്റിന്‍ ഒളിവിലാണെന്നായിരുന്നു വിശദീകരണം. ക്രൈ ബ്രാഞ്ചിന് കേസ് അന്വേഷണം മാറ്റിയതോടെ താന്‍ മാത്രമല്ല കുടുംബാംഗങ്ങളായ നാല് പേരും ഇവര്‍ക്കൊപ്പമുള്ള ഒരു സഹവികാരിയും കേസില്‍ അകപ്പെടുമെന്നുള്ള ഭീതിയില്‍ അന്വേഷണം വഴി തിരിക്കാനാണ് ജസ്റ്റീന്‍ സ്വയം കീഴടങ്ങിയതെന്നാണ് ഹൈജിനസ് പറയുന്നത്. ക്രൈം ബ്രാഞ്ചിന് കേസ് അന്വേഷണം മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മകളുടെ മരണം ആത്മഹത്യയാക്കാനാണ് ഭര്‍ത്താവും ബന്ധുക്കളും ശ്രമിച്ചത്. മകളുടെ ദുരൂഹമരണത്തില്‍ ജസ്റ്റിന്‍ മാത്രമല്ല, അയാളുടെ മാതാപിതാക്കളും സഹോദരനും ഭാര്യയും വികാരിയും കുറ്റക്കരാണെന്ന് ഹൈജിനസ് ആരോപിച്ചു. അവര്‍ക്കെതിരെയുള്ള തെളിവുകള്‍ പൊലിസ് നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് നീതിയുക്തമായി അന്വേഷിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയും പ്രാര്‍ത്ഥനയുമെന്ന് ഹൈജനിസും സഹോദരന്‍ ഷിനില്‍ ജോണ്‍സണും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: