നഴ്സുമാരുടെ സമരം നേരിടാന്‍ നടപടികളുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നു. ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കാനാണ് കണ്ണൂര്‍ ജില്ലാഭരണകൂടത്തിന്റെ നീക്കം. ഇതിനായി സ്വകാര്യ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ വിന്യസിക്കും. നാളെ മുതല്‍ അഞ്ച് ദിവസത്തേക്കാണ് നഴ്സിംഗ് വിദ്യാര്‍ത്ഥികളെ വിന്യസിക്കുക. പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ ആശുപത്രികളിലേക്ക് അയക്കാന്‍ കോളെജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ദിവസ വേതനമായി 150 രൂപ നല്‍കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വാഹനസൗകര്യം നല്‍കണമെന്നും ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മിനിമം വേതനമായി 20,000 രൂപ ലഭിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. നേരത്തെ നടന്ന ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 17,000 രൂപവരെ ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാന്‍ സമരക്കാര്‍ തയ്യാറായില്ല.

ഈ മാസം 17 മുതല്‍ അനിശ്ചിതകാല സമരത്തിന് സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ഇത് ബുധനാഴ്ച വരെ നീട്ടിവെച്ചിരിക്കുകയാണ്. ഈ മാസം 19 ന് ചര്‍ച്ച നടത്താനാണ് തീരുമാനമായിരിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: