നഴ്സുമാരുടെ ഐതിഹാസിക ലോങ്ങ് മാര്‍ച്ച് നാളെ മുതല്‍

ജീവിക്കാനായി നഴ്സുമാരുടെ ഐതിഹാസിക സമരം നാളെ തുടങ്ങുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ അനുസ്മരിപ്പിച്ചു കേരളത്തിലെ നഴ്സുമാരും യുഎന്‍ഐയുടെ നേതൃത്വത്തില്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റു വരെ ലോങ്മാര്‍ച്ച് നടത്തും. ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെയാണ് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ലോങ്മാര്‍ച്ച് നടത്തുന്നത്. നഴ്സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും നാളെയാണ്.

243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്ന് നാളെ രാവിലെ 10നാണു ‘നീതിക്കായുള്ള നടത്തം’ എന്ന മുദ്രാവാക്യവുമായി ലോങ് മാര്‍ച്ച് ആരംഭിക്കുന്നത്. മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്. അസോസിയേഷന്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന 457 സ്വകാര്യ ആശുപത്രികളില്‍ പണിമുടക്കു നടത്തും.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, നേരത്തെ സമരം നടത്തിയതിന്റെ പേരില്‍ സ്വകാര്യആശുപത്രി മാനേജ്മെന്റുകള്‍ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും.

ജീവിക്കാനുള്ള വേതനം എന്ന ന്യായമായ അവകാശം അട്ടിമറിക്കപ്പെട്ടിട്ടും കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജനം സംഘടനകളും നഴ്സുമാര്‍ക്കായി സമരമുഖത്തു ഇറങ്ങുന്നില്ല. ചൂഷണവും കഠിനാദ്ധ്വാനവും മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് നഴ്സുമാര്‍ നേരിടുന്നത്.

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിനെ കേരളത്തിലെ ബഹുജന സംഘടനകളും നേതാക്കളും പിന്തുണയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ അസംഘടിത വിഭാഗമായ നഴ്സുമാരെയും അവരുടെ ന്യായമായ അവകാശങ്ങളെയും ഇവിടുത്ത രാഷ്ട്രീയ കക്ഷികള്‍ എന്നും അവഗണിക്കുകയായിരുന്നു. പുറമെ മാനേജ്മെന്റുകളോട് എതിര്‍പ്പ് കാണിക്കുകയും പിന്‍ വാതിലിലൂടെ അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും കീശ വീര്‍പ്പിക്കുകയും ആണ് അവര്‍ ചെയ്യുന്നത്. ലോംഗ് മാര്‍ച്ചുകളുടെ പിതൃത്വം അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കാനുള്ള അവകാശത്തിനായി മാലാഖമാരുടെ മാര്‍ച്ച് നടക്കുന്നത്.

തൃശൂര്‍ പൂരം നടക്കുന്ന സാഹചര്യത്തില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ നിന്നും ജില്ലയെ ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നഴ്സുമാരുടെ സമരം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് നഴ്സുമാര്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥന.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: