നഴ്സിനെ തല്ലി; കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പിരിച്ചുവിട്ടു

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയില്‍ നഴ്സിനെ നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍ നിന്നും നീക്കി സര്‍ക്കാര്‍ ഉത്തരവായി. സ്റ്റാഫ് നഴ്സ് റോസമ്മ മണിയുടെ പരാതിയിലാണ് ജനറല്‍ സര്‍ജറി വിഭാഗം വകുപ്പ് മേധാവിയും പ്രൊഫസറുമായ കുഞ്ഞമ്പുവിനെ പിരിച്ചുവിട്ടത്.

ജൂണ്‍ 11ന് ശസ്ത്രക്രിയയില്‍ സഹായിയാരുന്ന റോസമ്മയെ ഡോ. കുഞ്ഞമ്പു ശകാരിച്ചെന്നും നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ നഴ്സിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കോളേജ് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പ്രത്യേക സമിതി സംഭവത്തില്‍ അന്വേഷണം നടത്തി. സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡോക്ടര്‍ക്ക് സഹപ്രവര്‍ത്തകരോട് പരുഷമായി പെരുമാറുന്ന പ്രവണതയുണ്ടായിരുന്നെന്നും നഴ്സിനെ അടിച്ചെന്നും സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്സിന് ശാരീരികമായും മാനസികമായും ബുദ്ധമുട്ടുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. മേലില്‍ ഇത്തരം പെരുമാറ്റമുണ്ടാകാതിരിക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അതേസമയം നീഡില്‍ ഫോള്‍ഡര്‍ നഴ്സിന്റെ കയ്യില്‍ അറിയാതെ തട്ടിയതാകാമെന്നും നഴ്സിംഗ് സ്റ്റാഫിന്റെ ഭാഗത്തെ അശ്രദ്ധ ചോദ്യം ചെയ്തതിന്റെ ശത്രുത കാരണമാണ് തനിക്കെതിരെ മൊഴി നല്‍കിയതെന്നുമാണ് ഡോ. കുഞ്ഞമ്പു വിശദീകരിക്കുന്നത്. എന്നാല്‍ വീഴ്ച ബോധ്യപ്പെട്ടതിനാലും മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമായ 62 വയസ്സിന് മുകളിലായതിനാലും അദ്ദേഹത്തെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: