നഴ്സിംഗ് ഹോമുകളുടെ നവീകരണത്തിന് 500 മില്യണ്‍ യൂറോ വേണമെന്ന് ആരോഗ്യമന്ത്രി

 

ഡബ്ലിന്‍: രാജ്യത്തെ നഴ്‌സിങ് ഹോമുകളുടെ നവീകരണത്തിനായി 500 മില്യണ്‍ യൂറോ വേണമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍. നഴ്‌സിംഗ് ഹോമിലെ അന്തേവാസികള്‍ ഷവര്‍ സേവനം നല്‍കുന്നത് രണ്ടാഴ്ചയിലൊരിക്കലോ ജീവനക്കാരില്ലാത്തപ്പോള്‍ മാസത്തിലൊരിക്കലോ ആണെന്ന ഹിക്വയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്ന് വരേദ്കാര്‍ പറഞ്ഞു. സെന്റ് പാട്രിക കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ പ്രായമായ രോഗികളെ ഷവര്‍/ കുളിപ്പിക്കുന്നത് രണ്ടാഴ്ചയിലൊരിക്കലോ അല്ലെങ്കില്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ മാസത്തിലൊരിക്കലോ ആണെന്ന് ഹിക്വ കണ്ടെത്തിയിരുന്നു.

റോസ്‌കോമണ്‍ ടൗണിലെ നഴ്‌സിംഗ് ഹോമില്‍ ജീവനക്കാരുടെ അഭാവവും ആവശ്യത്തിന് ടായ്‌ലറ്റ് സൗകര്യവും ഷവറും ഇല്ലെന്നും ഹിക്വ റിപ്പോര്‍ട്ട് ചെയ്യുന്നു. റോസ്‌കോമണിലെ സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ പ്രായമായ 93 രോഗികളെ പരിചരിക്കുന്നതിന് രാത്രി സമയങ്ങളില്‍ 8 ജീവനക്കാര്‍ മാത്രമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില മുറികളില്‍ 10 രോഗികളെ വരെ കിടത്തുന്നുണ്ടെന്നും ഇത് നഴ്‌സിംഗ് ഹോമിലെ അന്തേവാസികളുടെ സ്വകാര്യതയ്ക്കും അന്തസിനും കോട്ടം വരുത്തുന്നുണ്ടെന്നും നിയമലംഘനമാണെന്നും ഹിക്വ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചില യൂണിറ്റുകളില്‍ ആവശ്യത്തിന് മരുന്നുകളില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നഴ്‌സിംഗ് ഹോമുകളുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഴ്‌സിംഗ് ഹോമുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് എച്ച്എസ്ഇയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വരേദ്കര്‍ പറഞ്ഞു. ഏറെ പഴക്കം ചെന്ന നഴ്‌സിങ് ഹോമുകളുടെ കാര്യത്തില്‍ പുതുക്കലോ നവീകരണമോ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു 500 മില്യണ്‍ യൂറോയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആശുപത്രികളില പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളിക്കളയാനോ, അംഗീകരിക്കാനോ സാധിക്കുന്നവയല്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയില്‍ ഒരിക്കലോ, അല്ലെങ്കില്‍ എല്ലാ ആഴ്ചയിലും ആശുപത്രിയിലെ സാഹചര്യങ്ങള്‍ പരിശോധനാ വിധേയമാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുന്നോടിയായി എച്ച്എസ്ഇ ഒരു ആക്ഷന്‍ പ്ലാന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്നു മന്ത്രി ലിയോ വരേദ്ക്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയായാണ് ഇപ്പോള്‍ നഴ്‌സിങ് ഹോമുകളുടെ നവീകരണത്തിനായി ചിലവഴിക്കേണ്ട തുക എത്രയന്ന് അധികൃതര്‍ കണ്ടെത്തി നല്‍കിയിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: