നഴ്സിംഗ് വിദ്യാര്‍ത്ഥി സിനഗോഗില്‍ കടന്ന് വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു; അക്രമി പോലീസ് കസ്റ്റഡിയില്‍; സിനഗോഗിലെ റബ്ബി യിസ്റോയല്‍ ഗോള്‍സ്റ്റെയിനും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു..

കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ സിനഗോഗില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 19-കാരനായ നഴ്സിംഗ് വിദ്യാര്‍ത്ഥി ജോണ്‍ ടി ഏണസ്റ്റാണ് സംഭവത്തില്‍ കസ്റ്റഡിയിലുള്ളത്. ജൂത കോണ്‍ഗ്രഗേഷനില്‍ നടന്ന വെടിവെപ്പ് വംശീയ അതിക്രമം ആണെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെടുത്തുന്ന രീതിയിലുള്ള മാനിഫെസ്റ്റോ ഇയാള്‍ സംഭവത്തിന് തൊട്ടുമുന്‍പ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ജൂത വിഭാഗങ്ങളോടുള്ള വിദ്വേഷമാണ് ഏണസ്റ്റിനെ അക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം കഴിഞ്ഞ മാസം എസ്‌കോന്‍ഡിഡോയില്‍ ഒരു പള്ളിക്ക് തീവെച്ച സംഭവത്തിലും താന്‍ തന്നെയാണ് ഉത്തരവാദിയെന്നും ഇയാള്‍ അവകാശപ്പെടുന്നു. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ ഏണസ്റ്റിന് ക്രിമിനല്‍ ചരിത്രമില്ല. മാത്രമല്ല ഇയാള്‍ കഴിവുറ്റ ഒരു പിയാനോ വായിക്കുന്ന വ്യക്തിയുമാണെന്ന് സോഷ്യല്‍ മീഡിയ വീഡിയോകള്‍ വ്യക്തമാക്കുന്നു. നാലാം വയസ്സ് മുതല്‍ ഇയാള്‍ പിയാനോ വായിക്കുന്നതായി മാനിഫെസ്റ്റോ പുറത്തുവിട്ട ആള്‍ പറയുന്നു.

ശനിയാഴ്ച നടന്ന വെടിവെപ്പില്‍ പരുക്കേറ്റ നാല് പേരെയും പാലോമാര്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സകള്‍ക്കായി എത്തിച്ചു. ഇവരില്‍ പ്രായമുള്ള ഒരു സ്ത്രീ ഗുരുതര പരുക്കുകള്‍ മൂലം മരണത്തിന് കീഴടങ്ങി. സിനഗോഗിലെ റബ്ബി യിസ്റോയല്‍ ഗോള്‍സ്റ്റെയിനും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സാന്‍ഡിയാഗോ സ്വദേശിയായ പ്രതി എആര്‍ 15 സെമി ഓട്ടോമാറ്റിക് റൈഫിളാണ് അക്രമത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഫ് ഡ്യൂട്ടി ബോര്‍ഡര്‍ പട്രോള്‍ ഏജന്റിന്റെ ഇടപെടലാണ് അക്രമത്തിന്റെ തോത് കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധം കൈയിലുണ്ടായിരുന്ന ഇദ്ദേഹം അക്രമിയെ തിരികെ വെടിവെച്ചു.

പോലീസിന് മുന്നില്‍ പ്രതിരോധങ്ങള്‍ ഒന്നുംകൂടാതെ ഇയാള്‍ കീഴടങ്ങി. അവിശ്വസനീയമായ വിദ്വേഷ അക്രമണമാണ് സിനഗോഗില്‍ നടന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: