നന്മമരം വന്‍ തട്ടിപ്പ്; ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍…

കൊച്ചി: നന്മ മരത്തിന്റെ മറവില്‍ നടക്കുന്നത് കോടികളുടെ തട്ടിപ്പാണെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. സ്ത്രീയെ അധിക്ഷേപിച്ചതിന് നിയമനടപടി നേരിടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണെന്നും ഒരു അക്കൗണ്ടബിലിറ്റിയുമായില്ലാതെ നന്മമരം എന്ന മറ വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കള്ളത്തരമാണെന്നും അഷീല്‍ പറഞ്ഞു. സമാഹരികുന്ന തുകയുടെ എത്ര ശതമാനം ചെലവാക്കുന്നു എന്നതിനും കൃത്യമായ ഒരു കണക്കില്ലെന്നുമാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടറുടെ ആരോപണം.

ഒരിക്കല്‍ ഒരു കുട്ടിയുടെ ദയനീയമായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കള്‍ ഫോണ്‍ അവിടെയുള്ള മറ്റൊരാള്‍ക്ക് കൈമാറി. നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓര്‍ഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടതെന്നും ഇതില്‍ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.

ആ പണം ആശുപത്രിയില്‍ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയില്‍ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നല്‍കും. ബാക്കി തുക മറ്റുള്ള ആവശ്യക്കാര്‍ക്ക് നല്‍കുമെന്നാണ് നന്മമരം അറിയിച്ചത്. ഒരുകുട്ടിയുടെ ഫോട്ടോയും വീഡിയോയും ആ കുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്കേ കൊടുക്കൂവെന്ന് പറയുന്നത് എന്ത് രീതിയാണെന്ന് ആരോഗ്യമന്ത്രി അന്ന് ചോദിച്ചിരുന്നതായും ഡയറക്ടര്‍ പറയുന്നു.

സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷം വരെയാണ് ഈടാക്കുന്നത്. എന്നാല്‍ നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. ഏത് ആശുപത്രിയിലാണ് 50 ലക്ഷം രൂപയ്ക്ക് കിഡ്നി മാറ്റിവെക്കുന്നത് എന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ചോദിക്കുന്നത്. ഏറ്റവും കൂടുതല്‍ കാശ് കിട്ടാന്‍ കഴിയുന്ന സ്ഥലത്താണ് നന്മമരം പോകുന്നത്. ബാക്കിയുള്ള കേസുകള്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഏറ്റെടുക്കുന്നത് എന്നും അദ്ദേഹം പറയുന്നു. നന്മമരത്തിലൂടെ ചെയ്യുകയാണെങ്കില്‍ ആ ആശുപത്രിലെ ബില്‍ 30 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കില്‍ ബില്‍ 20 ലക്ഷമാണ്. 50 ലക്ഷവും 1 കോടിയുടേയും എന്ത് ചികിത്സയാണ് ഇവര്‍ ചെയ്യുന്നത്.

നന്മ മരവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന്റെ തട്ടിപ്പുകള്‍ വാര്‍ത്തയാക്കിയ ഒരു വനിതാ പ്രവര്‍ത്തകയ്ക്ക് സംഘം ചേര്‍ന്ന ആക്രമണത്തെ നേരിടേണ്ടി വന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ സ്വയ രക്ഷയെ കരുതി എല്ലാവരും നിശബ്ദത പാലിക്കുകയാണ് എന്നും ഡയരക്ടര്‍ പറയുന്നു. ഈ നന്മമരം ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ചെയ്തു. എന്നാല്‍ നമ്മുടെ പൊതുബോധം സര്‍ക്കാര്‍ സംവിധാനങ്ങളെ അവഗണിക്കുന്നതെന്നാണ് സാമൂഹ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ അഭിപ്രായപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: