നടി ശ്രീദേവിയുടെ മരണം ബാത്ത്റൂമില്‍ കുഴഞ്ഞ് വീണ്; മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് വിവരങ്ങള്‍ വഴിത്തിരിവില്‍. ദുബായില്‍ വച്ച് ഹൃദയസ്തംഭനം വന്നാണ് ശ്രീദേവി മരിച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അനുസരിച്ച് ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ല. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രീദേവി മരിച്ചത് എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര്‍ ദുബായ് പോലീസ് കേസ് രജിസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഇതിനൊരു സ്ഥിരീകരണമുണ്ടാകൂ. ഞായറാഴ്ച ഉച്ചയോടുകൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്.

ഭര്‍ത്താവ് ബോണി കപൂറിനൊപ്പം താമസിക്കുകയായിരുന്ന ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലാണ് ശ്രീദേവി കുഴഞ്ഞുവീണത്. തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ശ്രീദേവി മരിച്ചിരുന്നു. ഹൃദയസ്തംഭനം മൂലമാണോ കുഴഞ്ഞുവീണതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയായശേഷം മാത്രമേ വ്യക്തമാവൂ. ഇക്കാര്യത്തില്‍ പോലീസും ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ രംഗത്തുവന്നു. ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകുമെന്നാണ് സൂചന. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്കാവും മൃതദേഹം കൊണ്ടുവരിക. എന്നാല്‍ സംസ്‌കാര ചടങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല. നടനും ബന്ധുവുായ മോഹിത് മര്‍വയുടെ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്. ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചത്. വിവാഹചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും ചെറു വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

https://twitter.com/prabhujbps/status/967586405969899520

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: