നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കണ്ടെടുത്തു; ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന മെമ്മറി കാര്‍ഡ് കണ്ടെടുത്തു. പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്നാണ് കാര്‍ഡ് കണ്ടെത്തിയത്. നിലവില്‍ മെമ്മറി കാര്‍ഡില്‍ ഒന്നുമില്ല. കാര്‍ഡില്‍ നിന്നും ദൃശ്യങ്ങള്‍ മായ്ച്ചതാണോയെന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയ്ക്കും.

അക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇതിലാണോയെന്നാണ് പോലീസ് മുഖ്യമായും പരിശോധിക്കുക. രാജു ജോസഫിനെ ഇന്നലെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ വിദേശത്തേക്ക് കടത്തിയതായാണ് പോലീസിന്റെ നിഗമനം. മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോ വഴി കേസില്‍ ഇപ്പോള്‍ അറസ്റ്റില്‍ കഴിയുന്ന ദിലീപിന് കൈമാറിയെന്നാണ് പള്‍സര്‍ സുനി നല്‍കിയ മൊഴി. പ്രതീഷ് ഇപ്പോള്‍ ഒളിവിലാണ്. മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഇതിലെ ദൃശ്യങ്ങള്‍ പല തവണ പകര്‍ത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി പോലീസിനും ലഭിച്ചു.

ഫോണ്‍ രണ്ടാഴ്ച മുമ്പ് അടുത്ത സുഹൃത്ത് വഴി ദിലീപ് വിദേശത്തേക്ക് കടത്തിയതായാണ് പോലീസിന് ലഭിച്ച സൂചന. ദൃശ്യങ്ങള്‍ വിദേശത്തുനിന്നും യൂടൂബില്‍ അപ്ലോഡ് ചെയ്യുന്നത് തടയാന്‍ സൈബര്‍ സെല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് നാല് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളുമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതില്‍ ഒരു ഫോണ്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത് ദിലീപ് ആയിരുന്നു. കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിന് അപ്പുണ്ണിയുടെ പേരിലുള്ള ഈ ഫോണ്‍ നിര്‍ണായകമാണ്. അതിനാലാണ് ദിലീപ് അറസ്റ്റിലായ ഉടന്‍ അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പോലീസിന്റെ സംശയം. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് വിമാനത്താവളങ്ങളില്‍ ജാഗ്രത നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈകാതെ തിരച്ചില്‍ നോട്ടീസും പുറപ്പെടുവിക്കും.

ഇതിനിടെ കേസില്‍ ഇന്ന് രണ്ട് പ്രതിപക്ഷ എംഎല്‍എമാകരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചു. തൃക്കാക്കര എംഎല്‍എ പി ടി തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരുവരും തിരുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തിയാകും മൊഴി രേഖപ്പെടുത്തുക. സംഭവദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ ആദ്യമെത്തിയവരില്‍ ഒരാളാണ് പിടി തോമസ്. കേസിന്റെ ആദ്യഘട്ടം മുതല്‍ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്. അതിനാലാണ് പിടി തോമസിന്റെ മൊവി രേഖപ്പെടുത്തുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള അന്‍വര്‍ സാദത്തുമായി നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് എന്തെങ്കിലും വിവരം പങ്കുവച്ചിട്ടുണ്ടോയെന്നാണ് പോലീസിന് അറിയേണ്ടത്.

കേസില്‍ ജാമ്യം നേടാനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ദിലീപ്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി പോലീസിന്റെ കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷ തള്ളിയിരുന്നു. ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടെങ്കിലും നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. അപ്പുണ്ണിയ്ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യം നേടാനും നീക്കം നടക്കുന്നുണ്ട്. അപ്പുണ്ണി അറസ്റ്റിലാകും മുമ്പ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടണമെന്നാണ് ദിലീപിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതേസമയം ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടിയെടുക്കാനാണ് പോലീസിന്റെ നീക്കം. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് ജാമ്യം ലഭിച്ചാല്‍ ഇരയായ നടി വീണ്ടും ആക്രമിക്കപ്പെട്ടേക്കുമെന്നും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. സമൂഹമാധ്യമങ്ങളില്‍ നടന്ന ദിലീപ് അനുകൂല പ്രചാരണം ഇയാള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: