നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കാവ്യ മാധവനെന്ന് പള്‍സര്‍ സുനി; കെട്ടുകഥയെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ ‘മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. മാഡം ആരാണെന്ന ചോദ്യത്തിന് താന്‍ അക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞതല്ലെ എന്നാണ് സുനി ചോദിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തുകയായിരുന്നു.

ദിലീപിന് പുറമേ കേസില്‍ മറ്റൊരു പ്രധാനി കൂടിയുണ്ടെന്നും താന്‍ മാഡമെന്നാണ് അവരെ വിളിക്കുന്നതെന്നും സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന വിഐപി തന്നെ മാഡത്തിന്റെ പേര് പറയട്ടെ എന്നായിരുന്നു സുനിയുടെ നിലപാട്. പിന്നീട് ഓഗസ്റ്റ് 16ന് മുന്‍പ് വിഐപി മാഡത്തിന്റെ പേര് പറയുന്നില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കാവ്യയാണോ മാഡമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം.

മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പോലീസിന്റെ അടുത്ത നീക്കമാണ് എല്ലാവരും നിരീക്ഷിക്കുന്നത്. മാഡമെന്നത് സുനിയുടെ കെട്ടുകഥയാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് സുനിയുടെ ശ്രമമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: