നടിയെ ആക്രമിക്കപ്പെട്ട കേസ്: വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിലേക്ക്

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കെതിരെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്. വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാകുംവരെ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്നാണ് ആവശ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാര്‍ച്ച് 14 ന് വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി ബുധനാഴ്ച ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പമാണ് സ്റ്റേ പെറ്റീഷനും നല്‍കിയിരിക്കുന്നത്. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദിലീപ് ഹര്‍ജിയിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയും സ്റ്റേ പെറ്റീഷനും ഹൈക്കോടതി നാളെ പരിഗണിക്കും. പ്രതിയെന്ന നിലയില്‍ ആവശ്യപ്പെട്ട രേഖകളൊന്നും പൊലീസ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ച് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത് . ഓടുന്ന വണ്ടിയില്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: