നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു

പറവൂര്‍: നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അന്ത്യം. സ്വഭാവ നടന്‍, വില്ലന്‍, ഹാസ്യതാരം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ തലത്തിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച ശേഷമാണ് പറവൂര്‍ ഭരതന്‍ എന്ന പ്രതിഭ വിടവാങ്ങിയത്. താന്‍ അഭിനയിച്ച ചെമ്മീന്‍ എന്ന ചിത്രത്തിന്റെ അമ്പതാം വാര്‍ഷിക ദിനത്തിലാണ് അദ്ദേഹം  വിടവാങ്ങിയത്.

പറവൂര്‍ വാവക്കാട് ജനിച്ച ഭരതന്‍ നാടകത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സിനിമയിലെത്തിയ അദ്ദേഹം അറുപത് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തിനൊടുവിലാണ് വിടവാങ്ങിയത്. നസീറിന്റെയും സത്യന്റെയും ഒപ്പം അഭിനയിച്ച അദ്ദേഹം പുതിയ കാലത്തെ താരങ്ങള്‍ക്കൊപ്പവും വെള്ളിത്തിരയിലെത്തി. 2009 ല്‍ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമായിരുന്നു അദ്ദേഹം അഭിനയിച്ച അവസാന സിനിമ.

 250 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കറുത്തകൈ, കടത്തുകാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗുണ്ടാ വേഷത്തിലെത്തിയ അദ്ദേഹം പിന്നീട് മലയാള സിനിമാ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന വേഷത്തിലും പ്രത്യക്ഷപ്പെട്ടു. ഇന്‍ ഹരിഹര്‍ നഗര്‍, മേലേപറമ്പില്‍ ആണ്‍വീട്, വിദ്യാരംഭം, ജൂനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ മലയാളികള്‍ക്ക് എന്നും ചിരിച്ച മനസ്സോടെയേ ഓര്‍മ്മിക്കാന്‍ കഴിയൂ. അഭിനയ ജീവിതത്തിന്റെ അംഗീകാരമായി 2004ല്‍ ബഹദൂര്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.

1951ല്‍ പുറത്തിറങ്ങിയ രക്തബന്ധങ്ങള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മുഖം കാണിക്കുന്നത്. 1928 ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടാണ് പറവൂര്‍ ഭരതന്റെ ജനനം. സ്‌കൂളില്‍ മോണോആക്ടില്‍ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ അവതരിപ്പിച്ചാണ് ഭരതന്‍ കലാരംഗത്ത് എത്തിയത്. ഇത് കണ്ട കെടാമംഗലം സദാനന്ദനാണ് അദ്ദേഹത്തിന് നാടകത്തിലേക്ക് അവസരം നല്‍കിയത്. പുഷ്പിണി എന്ന നാടകത്തില്‍ ജന്മി വേഷം കെട്ടിയാണ് നാടകത്തിന്റെ അരങ്ങിലെത്തിയത്. നാടകം ജീവിതമാക്കിയ നാളുകളിലാണ് ‘മാറ്റൊലി’ എന്ന നാടകത്തിലെ നായിക തങ്കമണി ഭരതന്റെ ജീവിതസഖിയായി എത്തിയത്.

Share this news

Leave a Reply

%d bloggers like this: