ദ്രാവിഡ രാഷ്ട്രീയം വഴിത്തിരിവില്‍; അടുത്തത് രജനിയോ, കമലോ ?

തമിഴ്നാട് രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത നിരവധി റിക്കാര്‍ഡുകള്‍ സ്വന്തമായുള്ള മുത്തുവേല്‍ കരുണാനിധി കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയവും വഴിത്തിരിവിന്റെ വക്കിലാണ്. ഒന്നര വര്‍ഷം മുമ്പ് ജയലളിത മരണത്തിനു കീഴടങ്ങിയപ്പോള്‍ അണ്ണാ ഡി.എം.കെ ആടിയുലയുകയുണ്ടായി. അധികാരം നിലനിറുത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞുവെങ്കിലും ജയലളിതയുടെ വിശ്വസ്തനായിരുന്ന ദിനകരന്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കുവാന്‍ ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി കസേരയിലെത്തിയ എടപ്പാടി പളനിസാമിക്കു കഴിയുമോ എന്ന സംശയം ബാക്കി നില്‍ക്കുകയാണ്.

എ.ഡി.എം.കെ യില്‍ സംഭവിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഡി.എം.കെ യെ കാത്തിരിക്കുന്നത്. മകന്‍ സ്റ്റാലിനെ വൈകിയാണെങ്കിലും പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടു വരാന്‍ കരുണാനിധി ശ്രമിച്ചുവെങ്കിലും നേതൃരംഗത്ത് ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കുവാന്‍ സ്റ്റാലിനു കഴിയുമോ എന്നു സംശയിക്കുന്നവര്‍ ഏറെയാണ്. കരുണാനിധിയോട് വഴക്കിട്ട് അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന മറ്റൊരു മകനും മുന്‍ കേന്ദ്രമന്ത്രിയുമായ അഴഗിരി, ലോക്സഭാംഗമായ മകള്‍ കനിമൊഴി എന്നിവരുടെ നിലപാടുകളും നിര്‍ണായകമാകും. പാര്‍ട്ടിയില്‍ അവസരം കാത്തിരിക്കുന്ന മറ്റു നേതാക്കളും കൊട്ടാര വിപ്ലവത്തിന് തയാറായെന്നു വരാം. 1969 നു ശേഷം ഡി.എം.കെ യും, അണ്ണാ ഡി.എം.കെയും മാത്രം ഭരണത്തിലെത്തിയിട്ടുള്ള തമിഴ്നാട്ടില്‍ അവസരം മുതലാക്കാന്‍ ഏറ്റവുമധികം ശ്രമിക്കുക ബി.ജെ.പി ആയിരിക്കും. ദ്രാവിഡ പാര്‍ട്ടികളില്‍ ഏതെങ്കിലുമൊരു ഘടകത്തെ കൂടെ കൂട്ടി തമിഴകത്ത് വേരുറപ്പിക്കാന്‍ കാവിപ്പാര്‍ട്ടി തയാറാകുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

തമിഴ് ജനതയ്ക്ക് സിനിമ എന്നുമൊരു ദൗര്‍ബല്യമാണ്. എം.ജി.ആറും, കരുണാനിധിയും, ജയലളിതയുമൊക്കെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയത് ഈ ദൗര്‍ബല്യം മുതലെടുത്താണ്. തമിഴകത്തെ സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും, കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുകയും കമ്യൂണിസ്റ്റ് ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ മോഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രജനീകാന്ത് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇവര്‍ക്ക് വോട്ട്ബാങ്കില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പി.എം.കെ, ഡി.എം.ഡി.കെ, എം.ഡി.എം.കെ, വി.സി.കെ തുടങ്ങി ഒരുപിടി പ്രാദേശിക പാര്‍ട്ടികള്‍ കൂടി തമിഴ് രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ഏതെങ്കിലും പ്രമുഖ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നതിനപ്പുറം സ്വന്തമായി മത്സരിക്കാനുള്ള ത്രാണിയൊന്നും ഈ പാര്‍ട്ടികള്‍ക്കില്ല. കോണ്‍ഗ്രസിന്റെ കാര്യവും ഭിന്നമല്ല. ഡി.എം.കെ യുടെ തണലില്‍ നില്‍ക്കാമെന്നല്ലാതെ ഒരു മണ്ഡലത്തില്‍ പോലും ഒറ്റയ്ക്കു നിന്നു ജയിക്കാനുള്ള കെല്‍പ് കോണ്‍ഗ്രസിനില്ല.

അനുസരണയുള്ള ആട്ടിന്‍കുട്ടികളെപ്പോലെ അണ്ണാദുരൈയുടെയും, എം.ജി.ആറിന്റെയും, കരുണാനിധിയുടെയും, ജയലളിതയുടെയും പിന്നാലെ നടന്ന തമിഴ് മക്കള്‍ക്ക് ഇനി പിന്‍തുടരാന്‍ പറ്റിയ നേതാക്കളില്ല എന്നതാണ് ദുരവസ്ഥ. ഈ ജനപ്രിയ നേതാക്കളുടെ ഏകാധിപത്യമാണ് തമിഴ്നാടിനെ രാഷ്ട്രീയ പാപ്പരത്തത്തിലേക്ക് നയിച്ചത്. അണ്ണാദുരൈയുടെ കാലത്ത് നേതൃത്വം കൂട്ടായ്മയുടെ രൂപത്തിലായിരുന്നുവെങ്കില്‍ കരുണാനിധി സാരഥ്യം ഏറ്റെടുത്തതോടെ ഡി.എം.കെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി പോലെ കാലാന്തരത്തില്‍ പരിണമിച്ചു. കുടുംബാധിപത്യമാണ് പാര്‍ട്ടിയില്‍ പ്രതിഫലിച്ചിരുന്നത്. രണ്ടാം നിരയെ വളര്‍ത്താന്‍ അദ്ദേഹത്തിന് തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല. സ്റ്റാലിനു പാര്‍ട്ടിയുടെ ചെങ്കോല്‍ കൈമാറിയിട്ട് ഏതാനും വര്‍ഷങ്ങളേ ആകുന്നുള്ളു. ജയലളിതയും ഇക്കാര്യത്തില്‍ ഭിന്നമായിരുന്നില്ല. ജനപ്രിയ നേതാക്കള്‍ നട്ടു വളര്‍ത്തിയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിവേരുകള്‍ ഇളകാന്‍ അല്‍പ സമയമെടുത്തേക്കും.

അഭ്രപാളിയിലെ നായകരെ നെഞ്ചിലേറ്റാന്‍ തയാറാകുന്ന തമിഴ് ജനതയുടെ മനം കവരാന്‍ കമല്‍ഹാസനു കഴിഞ്ഞേക്കുമെന്നു കരുതുന്നവരുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകള്‍, ദ്രാവിഡ രാഷ്ട്രീയം ചവുട്ടി കുഴച്ച തമിഴകത്തെ മണ്ണില്‍ പൊട്ടി മുളയ്ക്കാന്‍ എളുപ്പമാണെന്ന് വിലയിരുത്തപ്പെടുന്നു. ഹിന്ദി വിരോധവും, തമിഴകത്തോടുള്ള അന്ധമായ അഭിനിവേശവും, മേല്‍ജാതിക്കാരെ വെല്ലുവിളിക്കാനുള്ള ആവേശവുമാണ് ദ്രാവിഡ പാര്‍ട്ടികളെ വളര്‍ത്തിയത്. തമിഴകത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലും സ്വാധീനം നേടിയെടുത്ത കലൈഞ്ചര്‍ മറീന ബീച്ചില്‍ നിത്യവിശ്രമം കൊള്ളുമ്പോള്‍ ഇനി ആരുടെ ‘ഉദയ സൂര്യനാണ്’ തമിഴകത്ത് പ്രകാശിക്കാന്‍ പോകുന്നതെന്ന് തിരിച്ചറിയാന്‍ അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരുന്നാല്‍ മതിയാകും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: