ദൈവത്തിന്റെ കരുണ അര്‍ഹിക്കുന്നവര്‍ക്ക്‌ അത് നിഷേധിക്കാന്‍ തിടുക്കംകാട്ടുകയാണ് ബിഷപ്പുമാരെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കുടുംബ സിനഡിന്റെ അവസാനദിനം ബിഷപ്പുമാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശാസന. സിനഡിന് സമാപനംകുറിച്ച് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ദിവ്യബലിയിലാണ് മാര്‍പാപ്പ ബിഷപ്പുമാരെ വിമര്‍ശിച്ചത്. മതപ്രമാണങ്ങളെ മുറുകെപ്പിടിച്ച്, ദൈവത്തിന്റെ കരുണ അര്‍ഹിക്കുന്ന വലിയവിഭാഗം ജനത്തിന് അത് നിഷേധിക്കാന്‍ തിടുക്കംകാട്ടുകയാണ് അവര്‍ ചെയ്യുന്നതെന്ന് പാപ്പ പറഞ്ഞു.

ഇടുങ്ങിയ മനഃസ്ഥിതിയെയും വ്യാജഭക്തിയെയും ബൈബിളില്‍ യേശു കാഴ്ചനല്‍കിയതായി പറയുന്ന ബര്‍ത്തിമയൂസിന്റെ കഥ ഉദാഹരിച്ചാണ് പാപ്പ വിമര്‍ശിച്ചത്. ബര്‍ത്തിമയൂസിന്റെ വിളികേട്ട് യേശു നിന്നതുപോലെ ശിഷ്യരാരും നിന്നില്ലെന്നും അദ്ദേഹം അന്ധനായിരുന്നെങ്കില്‍ ശിഷ്യരെല്ലാം ബധിരരായിരുന്നു എന്നും പറഞ്ഞു. ‘ബര്‍ത്തിമയൂസിന്റെ പ്രശ്‌നം അവരുടെ പ്രശ്‌നമായിരുന്നില്ല. ഈ പ്രവണത അപകടം ചെയ്യും. പതിവു പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അതില്‍ ഇടപെടാതെ മുന്നോട്ടുപോവുകയാണ് നല്ലത്. യേശുവിനൊപ്പമുള്ള ശിഷ്യന്‍മാര്‍ ചെയ്തതുപോലെ നമ്മളും അദ്ദേഹത്തിനൊപ്പമാണ്. പക്ഷേ അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

‘യേശുവിനെക്കുറിച്ച് പറയും. യേശുവിനുവേണ്ടി പ്രവര്‍ത്തിക്കും. പക്ഷേ, മുറിവേറ്റവര്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍നിന്ന് വളരെ അകന്നാണ് നാമിപ്പോഴും കഴിയുന്നതെന്നും പാഴ്‌നിലങ്ങളെപ്പോലെ കഴിയുന്ന ജീവിതങ്ങളില്‍ വേരു പടര്‍ത്തേണ്ടതെങ്ങനെയെന്ന് ഈ വിശ്വാസത്തിനറിയില്ല, മരുപ്പച്ച സൃഷ്ടിക്കുന്നതിനുപകരം, കൂടുതല്‍ മരുഭൂമിയുണ്ടാക്കുകയാണ് ഇത്തരം വിശ്വാസം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ച നീണ്ട സിനഡിന് അവസാനിക്കുമ്പോള്‍ സ്വവര്‍ഗപ്രേമികളുടെയും സഭയ്ക്കുപുറത്ത് വിവാഹമോചിതരായവരുടെയും കാര്യത്തില്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കുന്നതില്‍ ബിഷപ്പുമാര്‍ക്കിടയിലുണ്ടായ ഭിന്നിപ്പാണ് ശക്തമായ സന്ദേശം നല്‍കാന്‍ പാപ്പയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

-എജെ-

Share this news

Leave a Reply

%d bloggers like this: