ദേശീയ ഗെയിംസിനെ വിലയിടിച്ചു കാണിച്ചതു ശരിയായില്ല: മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിനെ പ്രതിപക്ഷം വിലയിടിച്ചു കാണിച്ചതു മോശമായിപ്പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളോടു മാപ്പു പറയണം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബാര്‍ കോഴക്കേസില്‍ 309 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ട് ഒരാള്‍ പോലും മൊഴി എതിരായി പറഞ്ഞിട്ടില്ല. ബാര്‍ അടച്ചതുമൂലം കോടികള്‍ നഷ്ടമുണ്ടായ വ്യക്തി ഉന്നയിച്ച ആരോപണമാണു പ്രതിപക്ഷം ഏറ്റുപിടിച്ചത്. അതുകൊണ്ടുതന്നെയാണ് ഇതിനു സ്വീകാര്യത കിട്ടാത്തതെന്നും പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളും ഇന്ന് അവര്‍ക്കു തിരിച്ചടിയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ചാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കോടതിവിധിയോടെ അപ്രസക്തമായി. കത്തു വ്യാജമാണെന്നു കോടതി തന്നെ കണ്ടെത്തി. കത്തു നിര്‍മിച്ചവരെയും അതിനു കൂട്ടുനിന്നവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണു പല വെളിപ്പെടുത്തലുകളും ചില ചാനലുകളിലൂടെ പുറത്തുവരുന്നതെന്നും എന്നാല്‍ അരുവിക്കരയിലെ വോട്ടര്‍മാര്‍ കള്ളപ്രചരണങ്ങളില്‍ വീഴില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ മനസ് യുഡിഎഫിന് ഒപ്പമായിരിക്കും. മദ്യനയത്തിനു കിട്ടുന്ന അംഗീകാരമാണിത്. സോളാര്‍ തട്ടിപ്പ് കേസുകള്‍ ഒതുക്കാന്‍ താന്‍ പണം നല്കിയെന്നു ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാര്‍ കോഴക്കേസ് അന്വേഷണത്തിനിടെ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്ന് എസ്പി സുഗേശന്‍ വെളിപ്പെടുത്തിയെന്ന ചാനല്‍ വാര്‍ത്തയെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പിന്നെ താന്‍ എങ്ങനെ അതിനെക്കുറിച്ചു പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: