ദുരൂഹതകളുമായി ചൈനീസ് ശവകുടീരങ്ങള്‍

ഈജിപ്തിനെയാണ് പിരമിഡ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക. എന്നാല്‍ ഇത്തവണ ചൈനയില്‍ നിന്നാണ് പിരമിഡ് വാര്‍ത്ത വന്നിരിക്കുന്നത്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്തു നിന്നുമാണ് ചെറിയ പിരമിഡ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളെ അമ്പരപ്പിച്ചുകൊണ്ടാണ് പുരാവസ്തുഗവേഷകര്‍ പിരമിഡ് രൂപത്തിലുള്ള ശവകുടീരത്തിന്റെ പൂര്‍ണ്ണരൂപം പുറംലോകത്തെ കാണിച്ചിരിക്കുന്നത്.

ഈ ചൈനീസ് പിരമിഡിന്റെ പഴക്കം സംബന്ധിച്ചോ ആരാണ് നിര്‍മിച്ചത് എന്നത് സംബന്ധിച്ചോ വ്യക്തമായ ധാരണകളൊന്നുമില്ല. അതേസമയം, ചൈനീസ് മാധ്യമങ്ങള്‍ ഇതിനെ പിരമിഡ് ഓഫ് സെങ്സു എന്നാണ് വിശേഷിപ്പിക്കുന്നത്. ഈജിപ്തിലെ യഥാര്‍ഥ പിരമിഡ് വെച്ച് നോക്കുമ്പോള്‍ വലിപ്പം കൊണ്ട് കുഞ്ഞനാണ് ചൈനയിലേത്. പ്രധാന ഹൈവേയില്‍ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് നീങ്ങിയ പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനത്തിനായി കുഴിയെടുക്കുമ്പോഴാണ് പിരമിഡ് കണ്ടെത്തിയത്.

നേരത്തെ ഗ്രാമമായിരുന്ന ഈ പ്രദേശം നഗരവത്ക്കരണത്തിന്റെ ഭാഗമായി ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായുള്ള കെട്ടിടങ്ങളുടെ നിര്‍മാണങ്ങളാണ് നടന്നിരുന്നത്. കണ്ടെത്തിയ രണ്ട് ശവകുടീരങ്ങളില്‍ ഒന്നിനാണ് പിരമിഡിന്റെ രൂപമുള്ളത്. രണ്ടാമത്തേതിന് പകുതി സിലിണ്ടറിന്റെ രൂപമാണുള്ളത്.

98 അടി നീളവും 26 അടി വീതിയുമാണ് ശവകുടീരങ്ങള്‍ അടങ്ങിയ ഭാഗത്തിനുള്ളത്. കിഴക്ക് പടിഞ്ഞാറായി നിര്‍മിച്ചിരിക്കുന്ന ശവകുടീരത്തിന്റെ പ്രധാന ഭാഗം കിഴക്കോട്ടാണുള്ളത്. പ്രദേശത്ത് ഫ്ളാറ്റ് നിര്‍മാണത്തിനായി ഒരു മാസത്തോളമായി മണ്ണ് കുഴിക്കുന്ന പ്രവര്‍ത്തി നടന്നിരുന്നു. ഹാന്‍ രാജവംശത്തിന്റെ (ബിസി 206 എഡി 220) കാലത്ത് ഇത്തരത്തിലുള്ള ശവകുടീരങ്ങളുണ്ടായിരുന്നു എന്നാണ് പുരാവസ്തുഗവേഷകരുടെ അഭിപ്രായം.

Share this news

Leave a Reply

%d bloggers like this: