ദുരിത കയത്തില്‍ അകപ്പെട്ട് വടക്കന്‍ കേരളം ; ഇന്ന് വീണ്ടും കനത്ത മഴ മുന്നറിയിപ്പ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു

മലപ്പുറം : മഴക്കെടുതിയില്‍ ദുരിതം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം കേരളം കണ്ട പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഇത്തവണ വടക്കന്‍ കേരളത്തെ താറുമാറാക്കിയത്. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കേരളത്തില്‍ മഴക്കെടുതികള്‍ രൂക്ഷമായ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കൂറയും. എന്നാല്‍ ബുധനാഴ്ച മുതല്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

അതിനിടെ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറന്നു. മുന്നുമണിയോടെയാണ് ഡാം തുറന്നത്. ഇതിന്റെ ഭാഗമായി രാവിലെ തന്നെ ആളുകളെ ഈ മേഖലയില്‍ നിന്ന് പുര്‍ണമായും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയാണ് മേഖലയില്‍ തുടരുന്നത്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട് , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ (RED ALERT!) അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 24 മണിക്കൂറില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. 204 mm ല്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ ഊര്ജിതമാക്കാനും കാലാവസ്ഥ കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട് . തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും സാധ്യത വര്‍ധിക്കും.

ആഗസ്റ്റ് 10 ന് തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂര്‍ എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12 ന് ഇടുക്കി,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 115 mm മുതല്‍ 204.5 mm വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗസ്റ്റ് 13 ന് എറണാകുളം ,കോഴിക്കോട് ജില്ലകളിലും, ആഗസ്റ്റ് 14 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: