ദുരിതം വിതയ്ക്കാന്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് മൂന്നാമതും അയര്‍ലണ്ടിലേക്ക്; ഇത്തവണ വെളുത്ത ഈസ്റ്റര്‍

വിന്റര്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ സ്വസ്ഥമാകാന്‍ അയര്‍ലന്റിന് സമയമായിട്ടില്ല. അതിശൈത്യം മാര്‍ച്ചിലും അയര്‍ലണ്ടിനെ വിടാതെ പിന്‍തുടരുകയാണ്. ഈസ്റ്റര്‍ വാരത്തിലും രാജ്യത്തെ മഞ്ഞു പുതപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ മൂന്നാം പതിപ്പ് എത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയും ആലിപ്പഴവും മഞ്ഞുവീഴ്ചയും വാരാന്ത്യത്തിലുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പും നല്‍കി. സൈബീരിയയില്‍ നിന്നും സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് അയര്‍ലണ്ടിലേക്ക് എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

അയര്‍ലന്‍ഡില്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും ആഞ്ഞടിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് രണ്ടാമന്‍ എത്തിയത്. അതിശൈത്യത്തില്‍ നിന്ന് മുക്തമാക്കാതെ ഈസ്റ്റര്‍ വാരാന്ത്യത്തിലും മഞ്ഞ് വീഴ്ചയും തണുത്തകാറ്റും ശക്തമാകുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. വാരാന്ത്യമെത്തുന്നതോടെ തണുത്ത കാറ്റ് ശക്തമാകുകയും താപനില കാര്യമായി കുറയുകയും ചെയ്യും. ഇത് മഞ്ഞു വീഴ്ചയ്ക്ക് കാരണമാകും. താപനില മൈനസ് 3 വരെയായേക്കാമെന്ന് കാലാവസ്ഥ അധികൃതര്‍ സൂചിപ്പിച്ചു.

മഞ്ഞുവീഴ്ച മൂലം റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടാനും, വൈദ്യുതിബന്ധം തടസ്സപ്പെടാനും, ജനങ്ങളുടെ ജീവനും സ്വത്തിനും അപകടവും വരുത്തിവെച്ചേക്കാം. മോശം കാലാവസ്ഥ മുന്നില്‍ കണ്ട് ഒരുങ്ങിയിരിക്കാനാണ് മുന്നറിയിപ്പ്. ബ്ലാക്ക് ഐസ് അപകടങ്ങളുണ്ടാക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രതപാലിക്കണമെന്ന റോഡ് സേഫ്റ്റി അതോറിറ്റിയുടെ മുന്നറിയിപ്പുമുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: