ദുരന്ത മഴയ്ക്ക് ശമനം; ഒരിക്കല്‍ കൂടി പ്രളയ ഭൂമിയായി കേരളം

ചരിത്രം ആവര്‍ത്തിച്ച പ്രളയ മഴയ്ക്ക് ശമനം. കഴിഞ്ഞ 5 മണിക്കൂറില്‍ മഴ വിട്ടുനില്‍ക്കുന്നത് രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി. നൂറ്റാണ്ടിലെ പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പല മടങ്ങ് മഴയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പെയിതൊഴിഞ്ഞത്. മലപ്പുറത്തും, വയനാട്ടിലും രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

കോവള പാറയില്‍ മണ്ണിനടിയില്‍ നിന്നും കൂട്ട നിലവിളികള്‍ ഇന്നലെ ഉയര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പതിയെ പതിയെ എല്ലാം നിശബ്ദമായി. കാലാവസ്ഥ പ്രതികൂലമായാല്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനങ്ങളൂം കാര്യമായി നടന്നിരുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങള്‍ക്കൊപ്പം,ദേശീയ ദുരന്ത നിവാരണ ഏജന്‍സിയും രംഗത്തെത്തിയിട്ടുണ്ട്.

ഈ മാസം എട്ട് മുതല്‍ 10 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് ദീര്‍ഘകാല ശരാശരിയില്‍നിന്ന് 10 ഇരട്ടിവരെ മഴ പെയിതെന്നാണ് കണക്ക്. ദീര്‍ഘകാല ശരാശരിയെക്കാള്‍ നാലിരട്ടി മഴയാണ് കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ പെയ്തത്. ഓഗസ്റ്റ് ഒമ്പത് രാവിലെവരെയുള്ള 24 മണിക്കൂറുകളിലാണ് കൂടുതല്‍ മഴ പെയ്തത്. 158 മില്ലീ മീറ്റര്‍ മഴയാണ് അന്ന് ശരാശരി സംസ്ഥാനത്ത് പെയ്തത്.

ആ ദിവസം പെയ്യേണ്ടിയിരുന്ന 14.4 മില്ലീമീറ്ററിനെക്കാള്‍ പത്തിരട്ടി മഴയാണ് ആ ദിവസം സംസ്ഥാനത്ത് പെയ്തത്. ഈ മാസം എട്ടാം തീയതി 378 ശതമാനവും 9നു 998 ശതമാനവും ഇന്നലെ 538 ശതമാനവും അധികം മഴ പെയ്തു കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ കേരളത്തില്‍ പ്രളയമുണ്ടായിരുന്നു. അന്ന് സാധാരണയില്‍നിന്ന് നാലിരട്ടി മഴയാണ് ലഭിച്ചത്.

ഇത്തവണ വേനല്‍ മഴയും ജൂണിലും ജൂലായ് മാസങ്ങളില്‍ ലഭിക്കേണ്ട മഴയിലും കുറവുണ്ടായിരുന്നു. അതിന് ശേഷം പെയ്ത മഴ അതിശക്തമായതിനാലാണ് രണ്ട് ദിവസങ്ങള്‍കൊണ്ട് കേരളത്തില്‍ വലിയ ദുരന്തമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് 310, ഒമ്പതിന് 379, പത്തിന് 152 ശതമാനം എന്നിങ്ങനെയായിരുന്നു കൂടുതല്‍ മഴ പെയ്തത്.

സംസ്ഥാനത്ത് ഓഗസ്റ്റ് മാസം ആരംഭം വരെ സാധാരണയില്‍നിന്നും 30 ശതമാനം മഴ കുറവായിരുന്നു. കുറെ ദിവസങ്ങള്‍ക്കൊണ്ട് പെയ്യേണ്ട മഴ രണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് പെയ്യുന്നതാണ് വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് കേരളത്തില്‍ സംഭവിക്കുന്ന കാലവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണോ എന്നറിയാന്‍ കൂടുതല്‍ പഠനങ്ങളും വരും വര്‍ഷങ്ങളില്‍ എന്ത് സംഭവിക്കുമെന്നും അറിഞ്ഞതിന് ശേഷമെ സാധ്യമാകു

ഇത്രയും മഴയും ദുരിതവും ഉണ്ടായിട്ടും ഇന്നലെവരെയുള്ള കണക്കനുസരിച്ച് ഈ സീസണില്‍ പെയ്യേണ്ട മഴയില്‍ എട്ടു ശതമാനം കുറവുണ്ട്. ഈ മാസം 15 വരെ മഴയുണ്ടാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എറണാകുളം മുതല്‍ അങ്ങ് വടക്കന്‍ ജില്ലകളില്‍ ഇന്നും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: