ദിവസം ‘ഒരു’ സിഗരറ്റാക്കിയാലും കാര്യമില്ല; ഹൃദയം തകരാറിലാക്കുമെന്ന് പുതിയ പഠനം

ആരോഗ്യത്തെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ നിയന്ത്രിച്ച് മാത്രം പുകവലിക്കുന്നവര്‍ ഒരുപാടുണ്ടാകും. എന്നാല്‍, നിയന്ത്രണംകൊണ്ട് ഒന്നുമാകില്ലെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസവും ഒരു സിഗരറ്റെന്ന കണക്ക് പോലും രൂക്ഷമായ പ്രശ്നങ്ങളുണ്ടാക്കുമത്രെ! ഹൃദ്രോഗത്തിനും സ്ട്രോക്കിനും ഇത്തരക്കാരില്‍ സാധ്യത എത്രയെന്ന് കേട്ടാല്‍ ഞെട്ടും; ദിവസവും 20 സിഗരറ്റ് വലിക്കുന്നതിന്റെ നേര്‍പാതി.

‘ഗാര്‍ഡിയനി'(guardian)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ ഏറെ ആശങ്കയോടെയാണ് ലോകം നോക്കികാണുന്നത്. പുകവലി നിയന്ത്രിക്കുന്നതോടെ എല്ലാ അനുബന്ധപ്രശ്നങ്ങളും അവസാനിക്കുമെന്ന് കരുതുന്നവര്‍ക്കുള്ള താക്കീതാണ് ഈ പഠന റിപ്പോര്‍ട്ടെന്ന് പറയുന്നത് പഠനസംഘത്തിലെ പ്രധാനിയായ ലണ്ടന്‍ യൂണിവേഴ്സിറ്റി (University of London) കോളേജിലെ അലന്‍ ഹാക്ക്ഷാ(Allan Hackshaw)ആണ്. പുകവലി നിയന്ത്രണം ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നത് ശരിയാണ്; അതേസമയം, ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത പഴയ പടി നിലനില്‍ക്കുമെന്നും ഡോ. അലന്‍ വ്യക്തമാക്കുന്നു.

1946നും 2015നുമിടയില്‍ നടന്ന 141 പഠനറിപ്പോര്‍ട്ടുകള്‍ പുതിയ ഗവേഷണത്തിന് സംഘം ആധാരമാക്കി. 55 റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ താരതമ്യം ചെയ്ത് പഠിച്ചു; പുകവലിക്കാരായ നിരവധി പേരുടെ ഹൃദ്രോഗസാധ്യത പരിശോധിച്ചറിഞ്ഞു.

ഇവര്‍ ഉപയോഗിക്കുന്ന സിഗരറ്റിന്റെ എണ്ണവും നിലവിലെ ആരോഗ്യസ്ഥിതിയും താരതമ്യം ചെയ്തു. ഇവരുടെ രോഗസാധ്യതയും ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവരുടെ ആരോഗ്യവും വീണ്ടും പഠനവിധേയമാക്കി. ഇത്തരത്തില്‍ നാളുകളെടുത്തു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഏറെ ശ്രദ്ധേയമായ കണ്ടെത്തല്‍ ഇനിപറയുന്നതാണ്. തീര്‍ച്ചയായും സിഗരറ്റ് ശീലമാക്കിയിട്ടില്ലാത്തവരുടെയും പുകവലിക്കാരുടെയും ഹൃദയാരോഗ്യത്തില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍, പുകവലിക്കുന്ന സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ ഹൃദ്രോഗ സാധ്യതയെന്നാണ് കണ്ടെത്തല്‍. പുരുഷന്മാരില്‍ പുകവലി ശീലം മറ്റുള്ളവരേക്കാള്‍ 74% ഹൃദ്രോഗസാധ്യത കാണിക്കുമ്പോള്‍ സ്ത്രീകളിലത് 119% ആണ്! പഠനത്തിന് വിധേയമായവരുടെ ബി.എം.ഐ (body mass index), കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് നിഗമനത്തിലെത്തിയത്.

‘പഠനം പൂര്‍ണമായും വിലയിരുത്തുന്നത് പുകവലിയും ഹൃദയാരോഗ്യവും എന്ന വിഷയമാണ്. മറ്റുള്ള പ്രശ്നങ്ങളും പുകവലി നിയന്ത്രണവും തമ്മില്‍ ബന്ധമുണ്ടായേക്കാം. പക്ഷെ, 20 സിഗരറ്റ് ഒരു ദിവസം വലിക്കുന്നതും ഒരു സിഗരറ്റ് വലിക്കുന്നതും തമ്മില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കാര്യമായ വ്യത്യാസം ഇല്ല’-ഹാക്ക്ഷാ പറയുന്നു.

അനാരോഗ്യകരമായ ഒരു ശീലം നിയന്ത്രിക്കുന്നത് നല്ലതാണ്. പക്ഷെ, ഹൃദയത്തെ സംബന്ധിച്ച് ഇത്പൂര്‍ണമായി ഒഴിവാക്കിയാലേ ഫലമുണ്ടാകുകയുള്ളു. ഇ-സിഗരറ്റ് (e-cigarette) പോലെ പുകവലി അകറ്റാന്‍ സഹായിക്കുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഹാക്ക്ഷാ അഭിപ്രായപ്പെടുന്നു.

ആക്ഷന്‍ ഓണ്‍ സ്മോക്കിംഗ് ആന്റ് ഹെല്‍ത്ത് (Action on Smoking and Health) എന്ന ചാരിറ്റി സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ദെബോറ ആര്‍ണോട്ട് (Deborah Arnott) ഈ കണ്ടെത്തലിനെ 100% ശരിവെക്കുന്നു. ദിവസവും രണ്ടോ മൂന്നോ ‘പഫ്’ എടുക്കുന്നതില്‍ ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇലക്ട്രോണിക് സിഗരറ്റോ സമാനമായ ഉപകരണങ്ങളോ ശീലമാക്കുന്നത് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെയും പക്ഷം. പൂര്‍ണമായും സിഗരറ്റ് ഒഴിവാക്കുന്നതിന്റെ ഗുണം ഇ-സിഗരറ്റ് നല്‍കുന്നില്ല. എങ്കിലും നിക്കോട്ടിന് അടിമപ്പെട്ടവര്‍ക്ക് അതൊഴിവാക്കാന്‍ മികച്ച മാര്‍ഗമാണിതെന്നും ദബോറ ആര്‍ണോട്ട് സാക്ഷ്യപ്പെടുത്തുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: