ദിലീപിന് വിദേശത്ത് പോകാം; പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി

നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകാന്‍ ദിലീപിന് അനുമതി നല്‍കിയത്. വിചാരണക്ക് സ്പെഷല്‍ കോടതി രുപീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി യാത്രക്ക് തൊട്ടടുത്ത ദിവസം പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 15 മുതല്‍ ജനുവരി 5 വരെ ബാങ്കോക്കിലേക്കാണ് ദിലീപ് അനുമതി ചോദിച്ചത്. പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്ങിനായാണ് അനുമതി ചോദിച്ചത്. എന്നാല്‍, അനുമതി നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ദിലീപിന്റെ നീക്കം വിചാരണ നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം തള്ളിയ കോടതി ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ യാത്രയുടെ എല്ലാ വിശദാംശങ്ങളും ഹാജരാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്കോക്കില്‍ എവിടെയൊക്കെ സന്ദര്‍ശിക്കും, എവിടെയൊക്കെ ആയിരിക്കും താമസം, കൂടെ ആരൊക്കെ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ കോടതിയെ ആദ്യം തന്നെ അറിയിക്കണം. യാത്ര കഴിഞ്ഞ് മടങ്ങിയാല്‍ അടുത്ത ദിവസം തന്നെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയും വേണം.

Share this news

Leave a Reply

%d bloggers like this: