ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്; വിദേശത്ത് പോകാന്‍ അനുമതി

 

നടന്‍ ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. ഹൈക്കോടതിയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇളവ് അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ അംഗീകരിച്ച കോടതി വിദേശത്ത് പോകാന്‍ അനുമതി നല്‍കി. ദിലീപിന്റെ പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് പാസ്പോര്‍ട്ട് വിട്ടുനല്‍കുന്നത്. നാല് ദിവസം മാത്രമേ വിദേശത്ത് തങ്ങാന്‍ അനുവാദമുള്ളൂ.

പൊലീസിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. തന്റെ വ്യവസായ സംരംഭമായ ദേ പുട്ടിന്റെ വിദേശത്ത് തുടങ്ങുന്ന പുതിയ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് നവംബര്‍ 17 ന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ദിലീപിന്റെ അപേക്ഷയെ പൊലീസ് ഇന്ന് കോടതിയില്‍ ശക്തമായി എതിര്‍ത്തു. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അപേക്ഷയെ എതിര്‍ത്തത്. ജാമ്യത്തില്‍ കഴിയവെ ദിലീപ് മൂന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് വളരെ ഗൗരവമുള്ള ആരോപണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പക്ഷെ ഇക്കാര്യം മജിസ്ട്രേറ്റ് കോടതിയില്‍ ഉചിതമായ രീതിയില്‍ ഉന്നയിക്കാന്‍ നിര്‍ദ്ദേശിച്ചു.

കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ഒക്ടോബര്‍ എട്ടിന് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സറണ്ടര്‍ ചെയ്തിരിക്കുകയാണ്.

അതേസമയം, ദീലിപിനെതിരായ കുറ്റപത്രം നാളെ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കുമെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതെന്നാണ് വിവരം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: