ദിലീപിന്റെ അറസ്റ്റ്: കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ

കേരളാ പൊലീസിന്റെ ചരിത്ത്രതിലെ ഏറ്റവും വലിയ അറസ്റ്റ് എന്നുതന്നെ വിളിക്കാം മലയാള സിനിമയിലെ ജനപ്രിയനായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിലീപിന്റെ അറസ്റ്റ്. പൊലീസിന്റെ നിതാന്ത ജാഗ്രതയും മാധ്യമങ്ങളുടെ സജീവമായ ഓര്‍മപ്പെടുത്തലുംതന്നെയാണ് ഇത്തരമൊരു അന്ത്യത്തിലേക്ക് കേസ് കൊണ്ടുപോയതെന്ന് ഉറപ്പ്. കഴിഞ്ഞ ഫെബ്രുവരി മാസമുണ്ടായ ദു:ഖകരമായ ആ കുറ്റകൃത്യത്തിന്റെ പിന്നിലുള്ളവരുടെ മുഖംമൂടി അങ്ങനെ പൊളിഞ്ഞഴിഞ്ഞിരിക്കുകയാണ്. കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ.

ഫെബ്രുവരി 17

നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. കേസിലെ പ്രതിയായ മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. മാര്‍ട്ടിനായിരുന്നു വാഹനം ഓടിച്ചിരുന്നത്.

ഫെബ്രുവരി 19

നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലാകുന്നു. കുറ്റകൃത്യത്തില്‍ പങ്കുള്ള ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.

ഇതേ ദിവസമാണ് സിനിമാപ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.

ഫെബ്രുവരി 20

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാലാമനായി തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായി.

ഫെബ്രുവരി 23

പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചത്. ജഡ്ജി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. സാഹചര്യം പൊലീസിന് തുണയായി.

ഫെബ്രുവരി 24

50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് പള്‍സര്‍ സുനി മൊഴിനല്‍കുന്നു. പ്രതികള്‍ റിമാന്‍ഡില്‍

ഫെബ്രുവരി 25

പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിയുന്നു.

മാര്‍ച്ച് 3

കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങിക്കുന്നു

മാര്‍ച്ച് 19

സുനിയുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന ഷൈനിയെന്ന യുവതി അറസ്റ്റിലാകുന്നു.

ജൂണ്‍ 24

ദിലീപിന്റെയും നാദിര്‍ഷയുടേയും ചിത്രത്തിലേക്കുള്ള രംഗപ്രവേശം. പള്‍സര്‍ സുനി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. അപ്പുണ്ണിയുടേയും പള്‍സര്‍സുനിയുടേയും ഫോണ്‍ സംഭാഷണവും ദിലീപ് വൃത്തങ്ങള്‍ പുറത്തുവിടുന്നു.

ജൂണ്‍ 26

ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി.

ജൂണ്‍ 28

ദിലീപിനെയും നാദിര്‍ഷയേയും 13 മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം അവസാന നിമിഷം പൊലീസ് തീരുമാനം മാറ്റി ദിലീപിനെ വെളിയില്‍ വിടുന്നു.

ജൂണ്‍ 29

ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ‘അമ്മ’ അംഗങ്ങളുടെ ക്ഷോഭ പ്രകടനം. അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൂക്കിവിളിച്ച് അഭിനേതാക്കളുടെ കൂട്ടം.

‘അമ്മയുടെ’ നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ പരിഹാസ്യമാകുന്നു. നാനാഭാഗത്തുനിന്നും ‘അമ്മയുടെ’ വിചിത്ര നിലപാടിനും മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനത്തോടുമുള്ള വിമര്‍ശനമുയരുന്നു.

ജൂലൈ 10

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: