ദിലീപിനെ വീണ്ടും ഫിയോക്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു

 

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടിയ ദിലീപ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പാണ് ദിലീപിനെ വീണ്ടും സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കുന്നത്. കൊച്ചിയില്‍ നടന്ന സംഘടനയുടെ പ്രത്യേക യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റാക്കിയത്. നിലവില്‍ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി തുടരും. വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂരും സെക്രട്ടറി ബേബിയുമാണ് യോഗ തീരുമാനങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ദിലീപ് മുന്‍കൈയെടുത്ത് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്. എന്നാല്‍, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റാവുകയായിരുന്നു. സംഘടനയിലെ മുഴുവന്‍ അംഗങ്ങളും ഒറ്റക്കെട്ടായി ദിലീപ് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചുവെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദിലീപിനെക്കുറിച്ച് ഇപ്പോഴുള്ളത് കേട്ടുകേള്‍വി മാത്രമാണ്. ദിലീപ് തിരിച്ചുവന്നാല്‍ സ്ഥാനം തിരിച്ചുനല്‍കുമെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. സംഘടന രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്ത രണ്ടു പേരില്‍ ഒരാളാണ് ദിലീപ്. കോടതിയുടെയും പോലീസിന്റെയും കാര്യങ്ങള്‍ക്ക് അനുസരിച്ചല്ല അന്ന് നടപടി കൈക്കൊണ്ടത്. സംഘടനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദിലീപിന് കഴിയില്ലെന്ന് കണ്ടാണ് അന്ന് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. തിരിച്ചുവന്നപ്പോള്‍ സ്ഥാനം തിരിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, സബ് ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യമൊന്നും സംസാരിച്ചിരുന്നില്ല-ആന്റണി പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: