ദിലീപിനെ അമ്മയും കൈവിട്ടു; ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗണേഷ് കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്. അമ്മയുടെ ട്രഷററായിരുന്നു ദിലീപ്. ഈ സ്ഥാനത്തുനിന്നും ദിലീപിനെ നീക്കിയിട്ടുണ്ട്.അമ്മയുടെ അടിയന്തര എക്‌സ്‌ക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തീരമാനം സംബന്ധിച്ച പത്രക്കുറിപ്പ് യോഗശേഷം വിതരണം ചെയ്തു. പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു യോഗം ചേര്‍ന്നത്. പനി പിടിച്ച് ചികിത്സയിലായതിനാലാണ് ഇന്നസെന്റിന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞത്.

മോഹന്‍ ലാലും മമ്മൂട്ടിയും ദിലീപിനെതിരെ നടപടി വേണമെന്ന നിലപാടാണ് കൈക്കൊണ്ടത്. ദിലീപിനെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് യുവതാരങ്ങളും ആവശ്യപ്പെട്ടു. ആക്രമത്തിന് ഇരയായ നടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമ്മ വ്യക്തമാക്കി. നടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

ദിലീപിനെ മറ്റ് സിനിമാ സംഘടനകളും കൈവിടുകയാണ്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവ ദിലീപിനെ പുറത്താക്കി. 2003 ല്‍ സിഐഡി മൂസ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് ദിലീപ് നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നാണ് ദിലീപ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അംഗമായത്.

അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയലിണ് ദിലീപ് ഫെഫ്കയില്‍ അംഗമായത്. 1991 ല്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമാരംഗത്തേക്കുള്ള ദിലീപിന്റെ കടന്നുവരവ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അവരും കൈക്കൊള്ളാനാണ് സാധ്യത

ദിലീപിനെതിരെ അമ്മ ശക്തവും, യുക്തവുമായ നടപടിയെടുക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതുമായി പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. അമ്മയുടെ ഭാരവാഹി എന്ന നിലയില്‍ നേതൃത്വത്തോട് ദിലീപിനെതിരെ നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമ്മയുടെ ഭാഗത്തുനിന്നും വളരെ യുക്തവും ശക്തവുമായ നടപടിയുണ്ടാകും. വിഷയത്തില്‍ തന്റെ നിലപാട് അമ്മയുടെ മമ്മുട്ടിയടക്കമുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്മ വളരെ സുതാര്യമായ സംഘടനയാണെന്നും നടനെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

താന്‍ എപ്പോഴും അമ്മ സംഘടനയുടെ പക്ഷത്താണെന്നും, വ്യക്തികളുടെ പക്ഷത്തല്ലെന്നും ഗണേഷ് കൂട്ടിചേര്‍ത്തു. ഇടതുപക്ഷത്തിന്റെ തന്നെ ഒരു എംപിയും, രണ്ട് എംഎല്‍എ മാരും സര്‍ക്കാരിനെ സ്വാധീനിക്കുമെന്ന വിമര്‍ശനം ഇപ്പോള്‍ സത്യമല്ലെന്ന് മനസ്സിലായില്ലേയെന്നും ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

ഇത്തരമൊരു നടപടിയിലൂടെ ഇടതുപക്ഷ സര്‍ക്കാരിനും, കേരള പൊലീസിന് രാജ്യത്തിന് തന്നെ മാത്യകയാകാന്‍ സാധിച്ചു. ക്രിമിനല്‍ കുറ്റകൃത്യം ആയതിനാല്‍ സംഘടനയുടെ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും, പൊലീസ് അന്വേഷണമാണ് അന്തിമമെന്നും ഗണേഷ് വ്യക്തമാക്കി. കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞാല്‍ അമ്മ ഒരിക്കലും കുറ്റവാളികളോടൊപ്പം നില്‍ക്കില്ല എന്നും, ഇരയോടൊപ്പം മാത്രമേ നില്‍ക്കൂവെന്നും ഗണേഷ് വ്യക്തമാക്കി.
എ എം

Share this news

Leave a Reply

%d bloggers like this: