ദിലീപിനെതിരെ സിനിമ മേഖലയില്‍ പ്രതിഷേധം ശക്തമാകുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. അമ്മയില്‍ നിന്നും അനുകൂലമായ പ്രതികരണം ഇല്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് നടന്‍ പൃഥ്വിരാജ്. മമ്മുട്ടിയുടെ വസതിയില്‍ ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

ഞാനുള്‍പ്പടെയുള്ളവരുടെ അഭിപ്രായം പരിഗണിച്ച് പ്രസ്താവന സംഘടനയില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതില്ലാത്ത പക്ഷം ഞാന്‍ നിലപാട് അറിയിക്കും പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പൃഥ്വിരാജിനോടൊപ്പം രമ്യാനമ്പീശന്‍, ആസിഫ് അലിഅടക്കമുള്ള താരങ്ങളും സമാനമായ അഭിപ്രായവുമായാണ് യോഗത്തില്‍ പങ്കെടുത്തത്. സംഭവത്തിന്റെ തുടക്കംമുതല്‍ തന്നെ ആക്രമണത്തിനിരയായ നടിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയ നടനാണ് പൃഥ്വിരാജ്. സംഭവത്തിന് ശേഷം സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല എന്നും പ്രഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ ഒരു സഹോദരനെന്ന പോലെ താന്‍ വിശ്വാസിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ ഒരു ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടനും എം.എല്‍.എയുമായ മുകേഷ് പ്രതികരിച്ചു. ദിലീപിന് കേസില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിളിപ്പിച്ചതനുസരിച്ച് എത്തിയ മുകേഷ് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നു. എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയില്‍ ഒപ്പം പ്രവര്‍ത്തിക്കുന്നവരില്‍ ക്രിമിനലുകളുണ്ട് എന്നത് നാണക്കേടാണെന്ന് മമ്മൂട്ടി. എന്നാല്‍ പക്ഷേ ഓരോ ആളുകളുടെയും അത്തരം പശ്ചാത്തലം പരിശോധിക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമമപ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഇരയാക്കപ്പെട്ടത് ഞങ്ങളുടെ ഒരംഗം കൂടെയായ സ്ഥിതിക്ക് ദിലീപിനെതിരേ ഇങ്ങനെയൊരു കേസ് വന്നതുകൊണ്ടും അറസ്റ്റിലായതുകൊണ്ടും ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുതന്നെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിശദമായ എക്‌സിക്യൂട്ടീവ് പിന്നീട് ചേര്‍ന്ന് മുന്‍പോട്ട് സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കും. ഇതുവരെ ഞങ്ങള്‍ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമായിരുന്നെന്ന് നിങ്ങള്‍ക്ക് ബോധ്യമാണ്. ഇനിയും ഞങ്ങള്‍ അവര്‍ക്കൊപ്പംതന്നെ ആയിരിക്കും- മമ്മൂട്ടി പറഞ്ഞു. അമ്മയുടെ പിന്തുണ ആദ്യംമുതല്‍ നടിക്കൊപ്പമായിരുന്നെന്നും എന്നാല്‍ ജനറല്‍ ബോഡിയിലുണ്ടായ സംഭവങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നും മമ്മൂട്ടി പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: