ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പങ്കുവഹിച്ച ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക നോബല്‍; ആശംസകള്‍ അറിയിച്ച് മോദിയും, നിര്‍മ്മല സീതാരാമനും

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സാമ്പത്തിക നോബല്‍ പങ്കിട്ടവരില്‍ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയും. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുള്ള മൂവരുടെയും പരീക്ഷണാത്മക സമീപനം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി.”റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

രണ്ട് പതിറ്റാണ്ടിനിടെ, മൂവരുടെയും പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചു, ഇത് ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഗവേഷണ മേഖലയാണ്, അക്കാദമി പത്രക്കുറിപ്പില്‍ പറഞ്ഞു. 1961 ല്‍ ഇന്ത്യയില്‍ ജനിച്ച ബാനര്‍ജി കൊല്‍ക്കത്ത സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും പഠിച്ചു. 1988 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. 2017ല്‍ ആണ് അദ്ദേഹം യുഎസ് പൗരത്വം നേടിയത്.

47- കാരിയായ എസ്തര്‍ ഡഫ്‌ലോ പാരിസില്‍ ആണ് ജനിച്ചത്. ഇപ്പോള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്. എംഐടിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് ഡഫ്‌ലോ. സാമ്പത്തിക നോബല്‍ സ്വന്തമാക്കുന്ന ദമ്പതികള്‍ എന്ന പ്രത്യേകതയും ഇത്തവണത്തെ നോബല്‍ സമ്മാന ജേതാക്കളായ ഇരുവര്‍ക്കും അവകാശപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും നോബല്‍ സമ്മാന ജേതാക്കളെ അനുമോദനം അറിയിച്ചു.

ആല്‍ഫ്രഡ് നോബലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക ശാസ്ത്രത്തിനുള്ള 2019 ലെ സ്വെറിജസ് റിക്സ്ബാങ്ക് സമ്മാനം ലഭിച്ചതിന് അഭിജിത് ബാനര്‍ജിയെ അഭിനന്ദിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തോടൊപ്പം പുരസ്‌കാരം പങ്കിട്ട എസ്തര്‍ ഡഫ്ലോ, മൈക്കിള്‍ ക്രെമര്‍ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ധനമന്ത്രി നിര്‍മ്മല സീതാരാമനും ട്വിറ്ററില്‍ ബാനര്‍ജിയെ അഭിനന്ദിച്ചു. ‘ദാരിദ്ര്യം ലഘൂകരിക്കുന്നതിന് നല്‍കിയ സംഭാവനയ്ക്ക് അഭിജിത് ബാനര്‍ജിക്ക് 2019 ലെ നൊബേല്‍ സമ്മാനം ലഭിച്ചതിന് അഭിനന്ദനങ്ങള്‍. എസ്ഥര്‍ ഡഫ്ലോക്കും മൈക്കല്‍ ക്രെമെറിനും ആശംസകള്‍’ – അവര്‍ ട്വീറ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: