ദന്തരോഗത്തെ തുടര്‍ന്ന് ഓരോ വര്‍ഷവും 10,000 കുട്ടികളുടെ പല്ലെടുക്കേണ്ടിവരുന്നുവെന്ന് IDA, ആരോപണം നിഷേധിച്ച് വരേദ്കാര്‍

 

ഡബ്ലിന്‍: ദന്തരോഗത്തെ തുടര്‍ന്ന് ഓരോ വര്‍ഷവും 10,000 ത്തോളം കുട്ടികളുടെ പല്ലെടുക്കേണ്ടി വരുന്നുവെന്ന് ഐറിഷ് ഡന്റല്‍ അസോസിയേഷന്റെ വാദത്തെ ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ എതിര്‍ത്തു. 15 വയസില്‍ താഴെയുള്ള പതിനായിരക്കണക്കിന് കുട്ടികളുടെ പല്ലുകളാണ് ഓരോ വര്‍ഷം എടുക്കേണ്ടി വരുന്നതെന്നും ദന്താരോഗ്യവുമായി ബന്ധപ്പെട്ട ആരോഗ്യനയമാണ് ഇതിന് കാരണമെന്നുമാണ് IDA ആരോപിച്ചത്. എന്നാല്‍ IDA വ്യക്തമാക്കുന്നതുപോലെ 10,000 കുട്ടികള്‍ എന്നത് യുകെയിലെ നിരക്കിനേക്കാള്‍ അഞ്ചുമടങ്ങ് കൂടുതലാണെന്നും ഇത് തെറ്റായ കണക്കാണെന്നും വരേദ്കാര്‍ ആര്‍ടിഇ മോണിംഗ് അയര്‍ലന്‍ഡില്‍ വ്യക്തമാക്കി. IDA യുടെ കണക്കുകള്‍ കൃത്യമല്ലെന്ന് എച്ച്എസ്ഇയും ചീഫ് ഡെന്റല്‍ ഓഫീസറും വ്യക്തമാക്കിയെന്നും അയര്‍ലന്‍ഡില്‍ 3600 കേസുകളാണ് അത്തരത്തില്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവന്നയുടനെ ചീഫ് ഡെന്റല്‍ ഓഫീസറുമായി ബന്ധപ്പെട്ടുവെന്നും എന്നാല്‍ 10,000 കുട്ടികളെന്നത് തെറ്റാണെന്ന് അദ്ദേഹം അറിയിച്ചതായി വരേദ്കാര്‍ പറഞ്ഞു. ഏറ്റവും പുതിയ വസ്തുതകളനുസരിച്ച് അയര്‍ലന്‍ഡിലെ കുട്ടികളുടെ ദന്താരോഗ്യം മെച്ചപ്പെട്ടിരിക്കുകയാണെന്നും അന്തര്‍ദേശീയ നിലവാരത്തിനനുസരിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ മോണരോഗങ്ങള്‍ ഉള്ള ചെറിയ കുട്ടികള്‍ക്ക് ചികിത്സയ്ക്കായി 12 മാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് IDA പറഞ്ഞത്. രാജ്യത്തിന് നാണക്കേടാണിതെന്നും ദന്താരോഗ്യമേഖലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വികലമായ നയങ്ങളാണ് ഇതിന് കാരണമെന്നും IDA ആരോപിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: