തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 2 ന് ഗാള്‍വേ പള്ളിയില്‍ ആചരിക്കുന്നു

ഗാള്‍വേ (അയര്‍ലണ്ട്):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഭാരതത്തിന്റെ സുവിശേഷകനായ മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 2 നു കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത നി. വ. ദി. ശ്രീ .തോമസ് മോര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആചരിക്കുന്നു.

എ .ഡി 52 ഇല്‍ ഭാരതത്തില്‍ എത്തിച്ചേര്‍ന്ന മോര്‍ തോമാശ്ലീഹാ ക്രിസ്തു സുവിശേഷം അറിയിക്കുകയും നിരവധി പള്ളികള്‍ സ്ഥാപിക്കുകയും നിരവധി പേരെ വൈദികാരായി പട്ടം കൊടുക്കുകയും ചെയ്തു. എ. ഡി. 72 ഇല്‍ ഡിസംബര്‍ 18 നു മൈലാപ്പൂരില്‍ വെച്ച് കുന്തംകൊണ്ട് കുത്തേറ്റു മൃതപ്രായനായ മോര്‍ തോമ ശ്ലീഹ ഡിസംബര്‍ 21 നു ഇഹലോകവാസം വെടിഞ്ഞു മൈലാപ്പൂരില്‍ കബറടക്കപ്പെട്ടു.

എ. ഡി 394 ഇല്‍ പരി അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ കല്പനയനുസരിച്ചു തോമാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ മൈലാപ്പൂരില്‍ നിന്നും എഡേസ്സായിലേക്കു മാറ്റപ്പെടുകയും ചെയ്തു. ഈ തിരുശേഷിപ്പുകള്‍ 1964 ഇല്‍ മൊസൂളിലെ മെത്രാപ്പോലീത്തയായിരുന്ന സാഖാ മോര്‍ സേവേറിയോസ് തിരുമേനി (പിന്നീട് പരി. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ )മൊസൂളിലെ സെന്റ് തോമസ് സുറിയാനിപ്പള്ളിയുടെ പുനരുദ്ധാരണ സമയത്തു പ്രസ്തുത പള്ളിയുടെ ഭിത്തിക്കുള്ളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഈ തിരുശേഷിപ്പിന്റെ ഒരു ഭാഗം 1964 ഇല്‍ അന്നത്തെ പാത്രിയര്‍ക്കീസായിരുന്ന പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബ് മൂന്നാമന്‍ ബാവ അദ്ദേഹത്തെ സന്ദര്‍ശിച്ച മലങ്കര സുറിയാനി സഭയുടെ കാതോലിക്ക ഔഗേന്‍ പ്രഥമന്‍ ബാവ വഴിയായി മലങ്കരക്കു തിരികെ നല്‍കുകയും ചെയ്തു.

1994 ഇല്‍ പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ തോമാശ്ലീഹായുടെ തിരുശേഷിപ്പ് കേരളത്തിലെ മുളന്തുരുത്തി മോര്‍ തോമ്മന്‍ യാക്കോബായ സുറിയാനിപ്പള്ളിയില്‍ സ്ഥാപിയ്ക്കുകയുണ്ടായി. 1987 ഒക്ടോബര്‍ 20 നു പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്പനയനുസരിച്ചു മോര്‍ തോമാശ്ലീഹായുടെ നാമം നാലാം തുബ്ദെനില്‍ ചേര്‍ക്കപ്പെട്ടു .മലങ്കരയില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ തങ്ങള്‍ ക്രിസ്തുവില്‍ ജനിക്കാന്‍ കാരണഭൂതനായ മോര്‍ തോമായുടെ നാമധേയത്തില്‍ ‘മാര്‍ത്തോമാക്രിസ്ത്യാനികള്‍’ എന്നപേരില്‍ ലോകമെമ്പാടും അറിയപ്പെടുന്നു

ജൂലൈ 2 നു വൈകിട്ട് 5 .30 സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി .കുര്‍ബാനയും ധൂപപ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണെന്നു ഇടവക വികാരി റവ. ഫാ. ജോബിമോന്‍ സ്‌കറിയ, ട്രസ്റ്റി. ശ്രീ . വിനോദ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: