തെരേസ മേയ് പടിയിറങ്ങുന്നു; ബ്രെക്‌സിറ്റ് നടപടികള്‍ ഫലം കാണാത്തതിലുള്ള നിരാശ മാധ്യമങ്ങളോട് പങ്കുവെച്ച് പ്രധാനമന്ത്രിയുടെ അവസാനത്തെ അഭിമുഖം…

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ 12 ദിവസത്തിനുള്ളില്‍ ഡൌണിംഗ് സ്ട്രീറ്റില്‍ നിന്നും പടിയിറങ്ങും. ഇപ്പോള്‍ അഭിമാനവും നിരാശയും കലര്‍ന്ന ഒരവസ്ഥയാണ് തോന്നുന്നതെന്ന് മേയ് ബിബിസിയോട് പറയുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ നല്‍കിയ അവസാന അഭിമുഖത്തിലാണ് ബ്രെക്‌സിറ്റ് നടപടികള്‍ ഫലം കാണാത്തതിലുള്ള തന്റെ നിരാശ മേയ് പ്രകടിപ്പിച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന ഇനിയുമൊരുപാട് കാര്യങ്ങള്‍ ബാക്കിവച്ച് പോകേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 29-നു മുന്‍പ് യു.കെ-യെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തെത്തിക്കുന്നതില്‍ പരാചയപ്പെടുകയും, ലേബര്‍പാര്‍ട്ടിയുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതോടെ കണ്‍സര്‍വേറ്റീവ് എംപിമാര്‍ അവര്‍ക്കെതിരെ തിരിഞ്ഞു. അതാണ് പ്രധാനമന്ത്രിപഥം ഒഴിയാന്‍ അവരെ നിര്‍ബന്ധിപ്പിച്ചത്. തന്റെ വ്യക്തിത്വത്തെ കുറിച്ചും നേതൃത്വത്തെ കുറിച്ചും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് മേയ് പറയുന്നു. പക്ഷേ, ആഗ്രഹിച്ചതിലും നേരത്തെ പോകേണ്ടിവന്നെങ്കിലും താന്‍ കൈവരിച്ച നേട്ടങ്ങളില്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

എം.പിമാര്‍ മൂന്നു തവണ നിരസിച്ച മേയ്-യുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ വച്ച് അവരെ അനുനയിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ‘ഒരു പ്രാവശ്യംകൂടെ അവരോട് സംസാരിച്ചിരുന്നെങ്കില്‍ എന്ന് എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ്. എന്നാല്‍ എംപിമാര്‍ ബ്രെക്സിറ്റിനെ മറികടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ തെറ്റ്ധരിച്ചു’ എന്ന് മേയ് പറഞ്ഞു.

തന്റെ പിന്‍ഗാമിയായി വരാന്‍ പോകുന്ന ആള്‍ക്ക് ആശംസകളര്‍പ്പിച്ച മേയ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതിന് ‘നല്ലൊരു ഡീല്‍’ അത്യന്താപേക്ഷിതമാണ് എന്ന് തുടര്‍ന്നും വാദിക്കുമെന്ന് പറഞ്ഞു. തന്റെ മന്ത്രിസഭയ്ക്കുള്ളില്‍ ഉണ്ടായതുപോലുള്ള ചോര്‍ച്ചകള്‍ക്കും രാഷ്ട്രീയ വിയോജിപ്പുകള്‍ക്കും ഇട നല്‍കാതെ സര്‍ക്കാരില്‍ കൂടുതല്‍ അച്ചടക്കം പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: