തെരേസ മേയുടെ ബ്രെക്സിറ്റ് വ്യാപാര പദ്ധതിക്ക് തിരിച്ചടി, പദ്ധതി അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതിക്ക് തിരിച്ചടി. മേ മുന്നോട്ട് വെച്ചിരിക്കുന്ന ബ്രെക്സിറ്റ് വ്യാപാര പദ്ധതി അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. പദ്ധതി സ്വീകാര്യമല്ലെന്ന് ഇമ്മാനുവല്‍ മാക്രോണും പ്രതികരിച്ചു. ഒക്ടോബറില്‍ ബ്രെക്സിറ്റ് കരാറില്‍ കൂടുതല്‍ ചര്‍ച്ച നടക്കുമെന്ന് ടസ്‌ക് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകാന്‍ തീരുമാനിച്ച ബ്രിട്ടന് വ്യക്തമായ ഒരു പൊതുവ്യാപാര നിയമം രൂപപ്പെടുത്തേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയനുമായി ഇത്തരത്തില്‍ ഒരു കരാറിലെത്താത്ത പക്ഷം ബ്രിട്ടന്‍ കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അതിനിടെയാണ് തെരേസ മേയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞത്. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കായി സാല്‍സ്ബര്‍ഗില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഒപ്പുവെയ്ക്കാതെ ബന്ധം ഉപേക്ഷിക്കാനുള്ള നീക്കങ്ങള്‍ക്കും ഇതോടെ ഗതിവേഗം കൂടും. കരാറില്ലാതെ പുറത്ത് പോരുന്നത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഇതോടൊപ്പം നിലനില്‍ക്കുന്നു. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഡൊണാള്‍ഡ് ടസ്‌ക് തുടര്‍ന്നും വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും അതാണ് നല്ലത്, അത് ഇപ്പോഴും നടക്കും, ടസ്‌ക് വിശദീകരിക്കുന്നു. തെരേസ മേയുടെ പദ്ധതി പ്രാവര്‍ത്തികമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് ഇത് തള്ളിയതെന്നും ടസ്‌ക് കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാറില്‍ ചില നല്ല ഘടകങ്ങളുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായ മാതൃകയല്ല. ഒക്ടോബറോടെ ബ്രെക്‌സിറ്റ് സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ കരാറിലെത്താനാകണം. അങ്ങനെ സംഭവിച്ചാല്‍ അത് ഔദ്യോഗികമായി അംഗീകരിക്കാന്‍ നവംബറില്‍ മറ്റൊരു ഉച്ചകോടികൂടി ചേരും -ടസ്‌ക് പറഞ്ഞു.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കും. ആ ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടാകുമെന്ന് ടസ്‌ക് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ തേരേസ മേ മുന്നോട്ട് വെച്ചിരിക്കുന്ന പദ്ധതിയെ ഫ്രാന്‍സ് പൂര്‍ണമായും എതിര്‍ത്തു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുമ്പോള്‍ മെച്ചപ്പെട്ട ഒരു കരാറില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് തേരേസ മേ വ്യക്തമാക്കി.

എന്നാല്‍, ബ്രെക്‌സിറ്റിനുശേഷം വടക്കന്‍ അയര്‍ലന്‍ഡുമായി അതിര്‍ത്തിപ്രശ്‌നങ്ങളുണ്ടാകാത്ത തരത്തില്‍ ഗൗരവവും വിശ്വാസയോഗ്യവുമായ ഒരേയൊരു കരാറാണ് താന്‍ തയ്യാറാക്കിയതെന്ന് മേയ് പ്രതികരിച്ചു. ബ്രെക്‌സിറ്റില്‍ കരാറിലെത്തേണ്ട സമയം അതിക്രമിച്ചുവെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരാഡ്കര്‍ പറഞ്ഞു. 2019 മാര്‍ച്ച് 29-ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുദ്ദേശിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: