തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറക്കി

 

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇന്നുമുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ പത്തുമണിക്ക് ഇതു സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. അടുത്ത ബുധനാഴ്ച വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.

നാമനിര്‍ദ്ദേശപത്രികയ്ക്കുള്ള ഫോം വരണാധികാരികളുടെ പക്കലും തദ്ദേശഭരണസ്ഥാപനങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. സ്ഥാനാര്‍ത്ഥിയോ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ നേരിട്ട് ഓഫിസില്‍ ഹാജരായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കണം. വരണാധികാരിക്കോ പകരം നിയോഗിക്കപ്പെട്ട അസിസ്റ്റന്റ് വരണാധികാരിക്കോ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. നിക്ഷേപത്തുക ഒരെണ്ണത്തിനു മതി. ഗ്രാമപഞ്ചായത്തില്‍ 1000 രൂപ, ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും 2000, ജില്ല പഞ്ചായത്തിലും കോര്‍പ്പറേഷനിലും 3000 എന്നിങ്ങനെയാണ് കെട്ടിവെക്കേണ്ട തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോളിങ്ങ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെയായിരിക്കും. നേരത്തെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറു മണി വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. ഏഴു ജില്ലകള്‍ വീതം രണ്ടുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഒന്നാംഘട്ടമായ നവംബര്‍ രണ്ടിന് തിരുവനന്തപുരം, കാസര്‍കോട്, ഇടുക്കി, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ്.

-എജെ-

Share this news

Leave a Reply

%d bloggers like this: