തൃശൂര്‍ തിരുവില്വാമലയിലേക്ക് കടന്ന കാട്ടാനകള്‍ വീടുകള്‍ക്ക് മുന്നിലൂടെ ഓടിനടക്കുന്നു; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

പാലക്കാട് ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം തൃശൂര്‍ തിരുവില്വാമല മേഖലയിലേക്ക് കടന്നു. തിരുവില്വാമല വില്വാദ്രി ക്ഷേത്രത്തിന് സമീപത്തെ ചെറിയവനത്തില്‍ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകള്‍.

കാട്ടാനകള്‍ ഇറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത കേട്ടാണ് തിരുവില്വാമലക്കാര്‍ ഉണര്‍ന്നത്. പിന്നെ ആനകള്‍ക്ക് പിന്നാലെയായിരുന്നു നാടും നാടിന്റെ മനസും. ജലക്രീഡയില്‍ ആനക്കൂട്ടം ഉല്ലസിച്ചപ്പോള്‍ ചങ്കിടുപ്പോടെ ജനം കാവലിരുന്നു.

പടക്കം പൊട്ടിച്ചും ആരവം മുഴക്കിയും ചെണ്ട കൊട്ടിയുമെല്ലാം അവര്‍ ആവതുശ്രമിച്ചു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ ചെറിയ വനത്തില്‍ തമ്പടിച്ചിരിക്കുകയാണ് ആനക്കൂട്ടം. ആനക്കൂട്ടത്തെ കാടുകയറ്റാന്‍ പറ്റിയില്ലെങ്കില്‍ മയക്കുവെടിവെക്കാനാണ് വനപാലകരുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കാട്ടാനക്കൂട്ടം പാലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയത്. കോട്ടായി, മാങ്കുറുശ്ശി മേഖലകളിലാണ് മൂന്നു കാട്ടാനകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി ജനവാസ മേഖലയില്‍ തമ്പടിച്ചത്.

മുണ്ടൂര്‍, മാങ്കുറിശ്ശി മേഖലകളില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം കോട്ടായി ഭാഗത്തേക്ക് കടന്നിരുന്നു. ഇവിടുത്തെ വീടുകള്‍ക്ക് മുന്‍പിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും കാട്ടാനക്കൂട്ടം ഇറങ്ങി നടന്നതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലായി. അപകട ഭീഷണി കണക്കിലെടുത്ത് കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തു.

ഇവയെ ഓടിക്കാന്‍ ദിവസങ്ങളായി രാവും പകലുമില്ലാതെ വനം വകുപ്പും നാട്ടുകാരും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളില്‍ തന്നെ കാട്ടാനക്കൂട്ടം തുടരുകയാണ്. മൂന്നാനകള്‍ ഉള്ളതിനാല്‍ മയക്കുവെടിവെച്ച് കാട്ടിലേക്ക് മാറ്റുക പ്രായോഗികമല്ലെന്നാണ് വനം വകുപ്പിന്റെ വാദം. അതു കൊണ്ടു സാവകാശം വേണമെന്നും ഇവര്‍ പറയുന്നു. കാട്ടാനക്കൂട്ടത്തെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് വനം വകുപ്പിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: