തുര്‍ക്കിയില്‍ വിവിധ ആക്രമണങ്ങളില്‍ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

 

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണത്തില്‍ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സിര്‍നക് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. സിര്‍നക്കില്‍ വഴിയരുകില്‍ കിടന്ന ബോംബ് പൊട്ടി നാലു സൈനികരും അക്രമിയുടെ വെടിവയ്പ്പില്‍ ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. സമാനമായ രീതിയില്‍ ഇസ്താംബൂളിലും ആക്രമണം നടന്നു. കാര്‍ ബോംബ് സ്‌ഫോടനമാണ് ഇവിടെ നടന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു സംഘടന യുഎസ് കൗണ്‍സിലേറ്റിനു നേരെയാണു മൂന്നാമത്തെ ആക്രമണം നടത്തിയത്. എന്നാല്‍ ഇവിടെ ആരും കൊല്ലപ്പെട്ടില്ല. ആക്രമണം നടത്തിയ രണ്ടു വനിതകളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്കു ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ നിന്നും ആയുധങ്ങളും സുരക്ഷാ സേന കണ്ടെത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കൗണ്‍സിലേറ്റ് തുറക്കില്ലെന്നു യുഎസ് കൗണ്‍സിലേറ്റ് ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു.

സുല്‍ത്താന്‍ബെയ്‌ലില്‍ ഒരു പോലീസ് സ്റ്റേഷനു നേരെ നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ 10 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. പോലീസ് അക്രമികള്‍ക്കു നേരെ വെടിവയ്പ്പ് നടത്തി. വെടിവയ്പ്പില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദുകള്‍ക്കും ഐഎസ് ഭീകരവാദികള്‍ക്കും നേരെ തുര്‍ക്കി ആക്രമണം ശക്തമാക്കിയ ശേഷമാണു പുതിയ ആക്രമണ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: