തുരന്ന് തുരന്ന് ഒടുവില്‍ കൂട്ടിമുട്ടി; കേരളത്തിലെ ആദ്യ ആറ് വരി ഇരട്ട തുരങ്ക പാത

ചരിത്രത്തിലേക്ക് പുത്തന്‍ കവാടം തുറന്ന് കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്ക പാതയില്‍ ഒരെണ്ണം തുറന്നു. തൃശൂര്‍ പാലക്കാട് ദേശീയ പാതയിലെ ഇടത് വശത്തെ ആദ്യ തുരങ്ക നിര്‍മാണമാണ് ഇരുഭാഗവും കൂട്ടിമുട്ടിയത്. കുതിരാന്‍ മലയുടെ ഇരു ഭാഗത്തുനിന്നുമുള്ള തുരങ്കങ്ങള്‍ കൂട്ടിമുട്ടിയതോടെ കേരള വികസനത്തിന്റെ പുതുചരിത്രമായി.

കേരളത്തിലെ ദേശീയപാതയിലെ ആദ്യ ഇരട്ടക്കുഴല്‍ തുരങ്കമാണ് കുതിരാനില്‍ നിര്‍മിക്കുന്നത്. മണ്ണുത്തി മുതല്‍ വടക്കഞ്ചേരിവരെ റോഡ് വികസനത്തീന്റെ ഭാഗമായാണ് കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്നത്. ഇതിന്റെ ആദ്യ തുരങ്കമാണ് തിങ്കളാഴ്ച രാവിലെ ഏഴിന് തുരക്കല്‍ പൂര്‍ത്തിയായത്.

ഇരുഭാഗത്തുനിന്നുമുള്ള തുരങ്കം കൂട്ടിമുട്ടി. കിഴക്കുനിന്നും 622 മീറ്ററും പടിഞ്ഞാറ്‌നിന്നും 342 മീറ്ററും തുരന്നു. തൃശൂര്‍ ഭാഗത്തുനിന്നും പോകുമ്പോള്‍ കുതിരാനില്‍ വലതുവശത്തുള്ള തുരങ്കമാണിത്. രണ്ടാമത്തെ തുരങ്കവും ഉടന്‍ പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷം മെയ് 13 മുതലാണ് കുതിരാന്‍ മലയില്‍ തുരങ്കപാതയ്ക്കായി ബൂമര്‍ ഉപയോഗിച്ചുള്ള പാറ തുരക്കല്‍ ആരംഭിച്ചത്. ഇതിനിടെ പല കാരണങ്ങളാല്‍ ഒരു മാസത്തോളം പണി തടസ്സപ്പെട്ടിരുന്നു.

പ്രഗതി ഏന്‍ജി. ആന്‍ഡ് റെയില്‍ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്നത്. ഏന്‍ജിനിയര്‍മാരും സൂപ്പര്‍വൈസര്‍മാരും അടക്കം 400ഓളം തൊഴിലാളികളുണ്ട്. രണ്ടാമത്തെ തുരങ്കം ഇനി 250 മീറ്റര്‍ മാത്രമാണ് തീരാനുള്ളത്. മാര്‍ച്ച് അവസാനത്തോടെ രണ്ടാമത്തെ തുരങ്കവും കൂട്ടിമുട്ടുമെന്ന് അധികൃതര്‍ പറഞ്ഞു. തുരങ്കപാത കൂട്ടിമുട്ടുന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ നിരവധി പേരാണ് തിങ്കളാഴ്ച രാവിലെ സ്ഥലത്ത് എത്തിയത്.

തുരങ്ക മുഖത്തുനിന്ന് സെല്‍ഫിയെടുത്തും പാതയിലൂടെ നടന്നും പരിസരവാസികള്‍ തുരങ്ക നിര്‍മാണം ആഘോഷമാക്കി. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തുരങ്കത്തിന് അകത്തേക്കുള്ള സന്ദര്‍ശനത്തിന് നിയന്ത്രണം എര്‍പ്പെടുത്തി.

 

 
എ എം

Share this news

Leave a Reply

%d bloggers like this: