തീവ്രവാദം തുടച്ച് നീക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ട്രംപ്

ഭീകരവിരുദ്ധപോരാട്ടം വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൌദി സന്ദര്‍ശനത്തിനിടെ റിയാദില്‍ അറബ് ഇസ്‌ളാമിക് അമേരിക്ക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണത്. മനുഷ്യജീവിതം താറുമാറാക്കാന്‍ നടക്കുന്ന അപരിഷ്‌കൃതരായ ക്രിമിനലുകളും മനുഷ്യജീവിതം സംരക്ഷിക്കാനിറങ്ങിയ എല്ലാ മതത്തിലെയും നല്ല മനുഷ്യരും തമ്മിലുള്ള യുദ്ധമാണിത്. അത് ഇസ്‌ളാമിക് തീവ്രവാദമെന്ന പ്രതിസന്ധിയെയും അത് പ്രോത്സാഹനം നല്‍കുന്ന ഇസ്‌ളാമിക ഭീകര സംഘങ്ങളെയും നേരിടുക എന്നാണ് സത്യത്തില്‍ അര്‍ഥമാക്കുന്നത്.

തീവ്രവാദം തുടച്ച് നീക്കാന്‍ സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ട്രംപ് അഭ്യര്‍ത്ഥിച്ചു. ലോകത്ത് സമാധാനം ഉണ്ടാക്കാനാണ് അമേരിക്കയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മിക്ക രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ്. അമേരിക്ക മുതല്‍ ഇന്ത്യ വരേയും ഓസ്ട്രേലിയ മുതല്‍ റഷ്യവരേയുമുള്ള രാജ്യങ്ങളെല്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. ഇവിടെയുള്ള ഭീകരവാദികളെ പുറത്താക്കണമെന്നും അതിനായി അറബ് രാജ്യങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെ സൗദി രാജാവ് സല്‍മാന്‍ പിന്തുണച്ചു. ഭീകരവാദികളുടെ ബന്ധം പുലര്‍ത്തുന്ന ഇറാനെ പോലെയുള്ള രാജ്യങ്ങളുമായി യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിരപരാധികളായ മുസ്‌ളിംങ്ങളെ കൊന്നൊടുക്കുന്നതിനും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനും ജൂതന്മാരെ ദ്രോഹിക്കുന്നതിനും ക്രിസ്ത്യാനികളെ കശാപ്പ് നടത്തുന്നതിനും എതിരെ ഒരുമിച്ചു നില്‍ക്കുക എന്നുമാണ് അര്‍ഥമാക്കുന്നത്. ഭീകരവാദം ലോകമാകെ വ്യാപിച്ചു കഴിഞ്ഞു. അമേരിക്കയില്‍നിന്ന് മുസ്‌ളിങ്ങളെ പുറത്താക്കണമെന്ന് തെരഞ്ഞെടുപ്പുവേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്തശേഷമുള്ള ആദ്യ സൌദി സന്ദര്‍ശനത്തില്‍ ട്രംപ് നിലപാടുകള്‍ മയപ്പെടുത്തി.

ഇസ്‌ളാമിക തീവ്രവാദത്തെ എതിരിടാന്‍ മുസ്‌ളിം നേതാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ട്രംപ് പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായി മുന്നിട്ടിറങ്ങണം. അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഐഎസിനെപ്പോലുള്ള ശത്രുക്കളെ അടിച്ചമര്‍ത്താന്‍ ഇവിടത്തെ രാജ്യങ്ങള്‍ അമേരിക്കയെ കാത്തിരിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു.

https://youtu.be/NMHZNnJ8mss
എ എം

Share this news

Leave a Reply

%d bloggers like this: