തീപിടുത്ത ഭീഷണി: ലണ്ടനില്‍ അഞ്ച് കെട്ടിടങ്ങളില്‍ നിന്നായി 800 കുടുംബങ്ങളെ ഒഴിപ്പിച്ചു

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഭീഷണി മൂലം ലണ്ടനിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും 800 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ആവശ്യമായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ അഞ്ച് ബഹുനില കെട്ടിടങ്ങളില്‍ നിന്നുമാണ് കുടുംബങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചത്. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് കാംഡെന്‍ കൗണ്‍സില്‍ ലീഡര്‍ ജോര്‍ജിയ ഗൗള്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ ഉണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷാ പരിശോധനകള്‍ ലണ്ടന്‍ ഭരണകൂടം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരുന്നത്. മറ്റൊരു ദുരന്തം താങ്ങുവാന്‍ ഇപ്പോള്‍ സാധിക്കില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അഗ്നിശമനസേന വൈകാതെ തന്നെ ഈ ബഹുനില കെട്ടിടങ്ങളില്‍ സുരക്ഷ ഒരുക്കും.ഇതിന് ശേഷം താമസക്കാര്‍ക്ക് കെട്ടിടങ്ങളിലേക്ക് തിരിച്ച് വരാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ പടിഞ്ഞാറന്‍ ലണ്ടനില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ ഗ്രെന്‍ഫെല്‍ ടവറിലെ തീപ്പിടുത്തത്തിന്റെ കാരണം റഫ്രിജറേറ്ററില്‍ നിന്നും തീപടര്‍ന്നതാണെന്ന് ലണ്ടന്‍ പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്നും തീപ്പിടുത്തം പടര്‍ന്നുപിടിച്ചായിരുന്നു തീപ്പിടുത്തം. കെട്ടിടത്തിന് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ച ആവരണമാണ് തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണമായി പൊലീസ് പറയുന്നത്.

79 മരണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ടവറിലെ 150ലധികം വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുത്തുെവെന്നും ലണ്ടന്‍ പൊലീസ് അറിയിച്ചു. മൃതദേഹങ്ങളില്‍ പൂര്‍ണമായും കണ്ടെത്താനായിരുന്നില്ല.

ലണ്ടനില്‍ കെട്ടിടത്തിനുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ വീടുകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ടുള്ള കത്ത് നോര്‍ത്ത് ഡബ്ലിനിലെ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി ഭവന മന്ത്രിക്ക് കൈമാറി. പുതുതായി നിര്‍മ്മിച്ച മില്‍ഫോഡ് മനോര്‍ ഹൗസിങ് എസ്റ്റേറ്റിലെ കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് ഇതില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. 2015 -ല്‍ എസ്റ്റേറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തം പകല്‍ സമയത്ത് ആയതിനാല്‍ അപകടം ഒഴിവായതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം അയര്‍ലണ്ടില്‍ പല കെട്ടിടങ്ങളും അഗ്‌നിക്ക് ഇരയാകുന്ന സാധ്യതയുണ്ടെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് കണക്കിലെടുത്ത് ഭവന നിര്‍മ്മാണത്തിന് വ്യക്തമായ മാനദണ്ഡം പുറത്തിറക്കാന്‍ ഭവന മന്ത്രാലയം തയാറാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മരത്തടിയില്‍ നിര്‍മ്മിക്കപ്പെട്ട വീടുകള്‍ക്ക് പ്രത്യേക സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. അയര്‍ലണ്ടില്‍ ഉണ്ടായിട്ടുള്ള തീപിടുത്ത സംഭവത്തില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായങ്ങള്‍ കുറയുന്നത്. എന്നാല്‍ എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് വിശദമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: