തിരുവോണ നാളില്‍ സംസ്ഥാനത്ത് നടന്ന സംഘര്‍ഷങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, ആസൂത്രിതശ്രമമെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: തിരുവോണ നാളില്‍ സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് സിപിഎം പ്രവര്‍ത്തകനും തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് കോടോംവേളൂര്‍ സ്വദേശി നാരായണനാണു കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍. നാരായണന്റെ സഹോദരന്‍ അരവിന്ദനും കുത്തേറ്റു. ഇയാളുടെ നില ഗുരുതരമാണ്. അരവിന്ദനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നുമണിയോടെയാണു സംഭവം നടന്നത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ സിപിഎം ഹര്‍ത്താലാചരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. കൊലപാതകത്തിനു പിന്നില്‍ ബിജെപിയാണെന്നു സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു.

രണ്ടാമത്തെ കൊലപാതകം തൃശൂരിലാണു നടന്നത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷാണു വെട്ടേറ്റു മരിച്ചത്. സുഹൃത്തിനോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണു സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകരാണു കൊലപാതകത്തിനു പിന്നിലെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഏറെ നാളായി ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണു വെള്ളിക്കുളങ്ങര.

മൂന്നാമത് ഓണാഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്കു വെട്ടേറ്റ് ചെങ്ങന്നൂര്‍ തിങ്കളാമുറ്റം ആശാരിയേത്ത് ശശിയുടെ മകന്‍ സിജു(28) മരിച്ചു. രണ്ടു പേര്‍ക്ക് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ ശരത്(36), ബിജു(40) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.30ഓടെ ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡിലുള്ള ലയണ്‍സ് ക്ലബ് ഹാളിനു സമീപമാണ് സംഭവം. കൊളംബിയ ക്ലബിന്റെ ഓണാഘോഷ പരിപാടി ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്നതിനിടയിലാണ് ഹാളിനു പുറത്തായി ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മദ്യം വാങ്ങി നല്‍കുന്നതു സംബന്ധിച്ച് മുമ്പ് സിജുവുമായി ബാറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ മര്‍ദിച്ചിരുന്നു. ഇതിന്റെ ഒത്തു തീര്‍പ്പിനായി സിജുവിനെ വിളിച്ചു വരുത്തിയതാണെന്നു പോലീസ് പറയുന്നു.

മുന്‍ കരുതലോടെ സിജുവും സംഘം ചേര്‍ന്നാണ് എത്തിയത്. സ്ഥലത്തെത്തിയ സിജുവിനെ പിന്നീട് ക്രൂരമായി മര്‍ദിക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നു. ഉടന്‍ തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. അവിവാഹിതനായ സിജു ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയതാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ സിഐ ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം സംസ്ഥാനത്തു കൊലപാതകങ്ങള്‍ക്ക് ആസൂത്രിതമായ ശ്രമമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മും ബിജെപിയും ഇതില്‍ നിന്നു പിന്തിരിയണം. അക്രമം ആരു നടത്തിയാലും മുഖം നോക്കാതെ അടിച്ചമര്‍ത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: