തിരച്ചിലിനായി 1,096 ദിവസം, 1,066 കോടി രൂപ, മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു

2014 മാര്‍ച്ച് 8, ഒരു ശനിയാഴ്ച പുലര്‍ച്ചെയാണ് ലോകം ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്. മലേഷ്യന്‍ വിമാനം എംഎച്ച് 370 റാഞ്ചിയിരിക്കുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. മലേഷ്യന്‍ വിമാനം കാണാതായിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം തികഞ്ഞു. 239 യാത്രികരുമായി എംഎച്ച് 370 അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ആഴക്കടലിലെ ചെറുചലനങ്ങള്‍ മുതല്‍ ബഹിരാകാശത്തെ ചെറുഗോളങ്ങള്‍ വരെ കണ്ടെത്തുന്ന ശക്തികള്‍ എന്തുക്കൊണ്ടാണ് ഇത്രയും വലിയ വിമാനം കണ്ടുപിടിക്കാത്തതെന്നത് നിഗൂഢതയായി തന്നെ തുടരുന്നു. വര്‍ഷം മൂന്നു കഴിഞ്ഞിട്ടും അമേരിക്ക ഇക്കാര്യത്തില്‍ വലിയ താല്‍പര്യമൊന്നും കാണിക്കാത്തതിന് എന്താണ് കാരണം?

ക്വാലാലംപൂരില്‍ നിന്ന് 2014 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ ടേക്ക് ഓഫ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിമാനം അപ്രത്യക്ഷമായി. പിന്നെ ആ വിമാനത്തിന് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. ലോകം മുഴുവന്‍ കരയിലും കടലിലും വിമാനത്തിനായി തിരച്ചില്‍ നടത്തി. എന്നാല്‍ സാങ്കേതിക സംവിധാനത്തിനോ, ശാസ്ത്രലോകത്തിനോ വിമാനത്തിനു എന്തു സംഭവിച്ചെന്നു വ്യക്തമായ ഒരു ഉത്തരം നല്‍കാനായിട്ടില്ല.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ വിമാനത്തെ കുറിച്ചു വന്ന വാര്‍ത്തകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും കുറവില്ല. വിമാനത്തെ കുറിച്ച് എവിടെയെങ്കിലും ഒരു റിപ്പോര്‍ട്ടെങ്കിലും വരാത്ത ദിവസങ്ങളില്ല. നിരവധി ചര്‍ച്ചകളും പ്രബന്ധങ്ങളും കോണ്‍സ്പിറസി തിയറികളും മലേഷ്യന്‍ വിമാനത്തെ കുറിച്ച് പുറത്തിറങ്ങി. വിമാനയത്രാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നിഗൂഢതയായി തുടരുന്ന ദുരന്തമാണിത്.

തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ ഈ വര്‍ഷം ആദ്യത്തില്‍ തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളും മറ്റു ചില സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ വീണ്ടും തിരച്ചില്‍ തുടരാനായി പണം സ്വരൂപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് യാത്രക്കാരുടെ ബന്ധുക്കള്‍.
ഊഹാപോഹങ്ങള്‍ നിരവധിയുണ്ടെങ്കിലും രണ്ടു സാധ്യതകളാണ് പ്രധാനമായും സംഭവിച്ചിരിക്കാന്‍ ഇടയുള്ളതായി വിദഗ്ധര്‍ പറയുന്നത്. ഒന്നുകില്‍ ഇതിന്റെ ക്യാപ്റ്റന്‍ തന്നെ വിമാനം ഹൈജാക്ക് ചെയ്ത് 239 യാത്രക്കാരുടെ ജീവന്‍ അപഹരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ഇടിച്ചു വീണിരിക്കാം. അല്ലെങ്കില്‍ വിമാനത്തിന്റെ യന്ത്രത്തകരാറു മൂലം അപകടം പിണഞ്ഞിരിക്കാം.

രണ്ടാമത്തെ സാധ്യതയ്ക്കാണ് മുന്‍തൂക്കം കൂടുതല്‍. അങ്ങനെയെങ്കില്‍ ഇതിന്റെ പൈലറ്റുമാര്‍ അസാമാന്യ മനോധൈര്യം കാണിച്ചിരിക്കണം. ജനസാന്ദ്രതയുള്ള കരപ്രദേശത്ത് വിമാനം വന്നുവീഴാതെ കടലില്‍ ചെന്നിറക്കി കരയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ച വീരന്മാരായി അവരെ ചിത്രീകരിക്കേണ്ടി വരും. തിരിച്ചു പറന്നത് വിമാനം രക്ഷപ്പെടുത്താനുള്ള അവസാന നീക്കമായിരുന്നോ എന്നും ഊഹിക്കാവുന്നതാണ്.

ഈയൊരു സംഭവത്തോടെ മലേഷ്യയില്‍ പൈലറ്റുമാരോടുള്ള സമീപനം കുറച്ചുകൂടി സംശയപ്രദമായി എന്നും വേണമെങ്കില്‍ പറയാം. കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് 53കാരനായ സഹാരി ഷായെ പഴിചാരുന്നവര്‍ കുറവല്ല. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വിമാനം നശിപ്പിച്ച് കൂടെയുള്ള യാത്രക്കാരുടെ ജീവന്‍ കൂടി അപഹരിച്ചു കൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നുവരെ വാദങ്ങളുണ്ട്.

2015 മാര്‍ച്ചില്‍ ജര്‍മന്‍ വിംഗ്സ് 9525 വിമാനം അപകടത്തില്‍ പെട്ടിരുന്നു. ഫ്രഞ്ച് ആല്‍പ്സില്‍ ചെന്നിടിച്ചാണ് അത് നിന്നത്. ഇതിനുള്ളില്‍ ഫസ്റ്റ് ഓഫീസര്‍ ആയിരുന്ന ആണ്ട്രിയാസ് ല്യുബിറ്റ്സ് ക്യാപ്റ്റനെ കോക്പിറ്റില്‍ അടച്ചിടുകയും വിമാനത്തിന്റെ ഉയരക്രമീകരണ സംവിധാനങ്ങള്‍ മാറ്റുകയും ചെയ്തതാണ് അപകടത്തിനു കാരണമായത് എന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് മാനസികമായ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായും അതിനായി ചികിത്സകള്‍ നടത്തി വന്നിരുന്നതായും തെളിഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു കണ്ടെത്തല്‍ MH370 യുടെ തിരോധാന അന്വേഷണങ്ങളില്‍ കണ്ടെത്താനായിട്ടില്ല.

1981 മുതല്‍ മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റായിരുന്നു ക്യാപ്റനായിരുന്ന സഹാരി ഷാ. 15 വര്‍ഷത്തോളം 777ന്റെ ക്യാപ്റ്റന്‍. ഷായെപ്പോലെ അനിതരസാധാരണമായ അനുഭവജ്ഞാനമുള്ളവര്‍ പൈലറ്റ് സമൂഹത്തില്‍ തന്നെ കുറവാണ്. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന ഫസ്റ്റ് ഓഫീസര്‍ 27 കാരനായ ഫാരിഖ് അബ് ഹാമിദ് ആയിരുന്നു. മറ്റൊരു വിമാനത്തിലെ പൈലറ്റുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്ന സമയത്താണ് കാണാതാകുന്നത്. രണ്ടുപേരുടെയും വ്യക്തിജീവിതത്തില്‍ തകരാറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.

കാണാതായ വിമാനത്തിന്റെതെന്ന് കരുതുന്ന നിരവധി ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ ലഭിച്ച രണ്ടു വിമാനാവശിഷ്ടങ്ങള്‍ ഓസ്ട്രേലിയയില്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നു. ഇന്ത്യന്‍ സമുദ്രത്തിലെ ഒരു ദ്വീപില്‍നിന്നും ആഫ്രിക്കാന്‍ രാജ്യമായ മൊസാമ്പിക്കിലെ കടല്‍ത്തീരത്തുനിന്നുമാണ് വിമാനാവശിഷ്ടങ്ങള്‍ ലഭിച്ചത്. 2014 ല്‍ ജൂലൈയില്‍ കണ്ടെത്തിയ ഫ്ലാപെറോണ്‍ എന്ന വിമാനഭാഗം കാണാതായ ബോയിങ് 777 വിമാനത്തിന്റേതു തന്നെയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ സാഹസിക സഞ്ചാരി ആഫ്രിക്കയിലെ ഒരു കടല്‍ത്തീരത്തുനിന്നു കണ്ടെത്തിയതു വിമാനത്തിന്റെ വാലറ്റമെന്നു കരുതുന്ന ഭാഗമാണ്.

മോഷ്ടിച്ച പാസ്പോര്‍ട്ടുമായി രണ്ടു പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇറാനില്‍ നിന്നു യഥാര്‍ഥ പാസ്പോര്‍ട്ടുമായി ഖത്തര്‍ വഴി മലേഷ്യയിലെത്തിയ രണ്ടുപേരാണ് അവിടെനിന്നു മോഷ്ടിച്ച പാസ്പോര്‍ട്ടുമായി വിമാനത്തില്‍ കയറിയത്. ഇവര്‍ ബോംബ് സ്ഫോടനം നടത്തിയിരിക്കാം. ഇതേസമയം, മോഷ്ടിച്ച പാസ്പോര്‍ട്ടില്‍ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്ന സംഭവങ്ങള്‍ ഈ മേഖലയില്‍ ധാരാളമുണ്ട്. ഭീകരാക്രമണ സൂചന ഇതുവരെ ഇല്ലെന്നാണ് ഇന്റര്‍പോള്‍ മേധാവി അന്നു പറഞ്ഞത്.

ഉപഗ്രഹങ്ങള്‍ ഭൂമിക്കു മുകളില്‍ 300 കിലോമീറ്റര്‍ മുതല്‍ 1500 കിലോമീറ്റര്‍ വരെ ഉയരത്തിലാണ്. 10 കിലോമീറ്റര്‍ ഉയരത്തിലൂടെ പറന്ന വിമാനവും അതു പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന തീഗോളവും ഉപഗ്രഹത്തിന്റെ ദൃഷ്ടിയില്‍ പെടുമെന്ന് ഉറപ്പില്ല; യാദൃഛികമായി അങ്ങനെ സംഭവിച്ചേക്കാമെന്നു മാത്രം.
അപ്രത്യക്ഷമാകുന്നതിനു മുന്‍പ് വിമാനത്തിന്റെ ദിശ മാറിയെന്നു സൂചനയുണ്ട്. പുലര്‍ച്ചെ 2.40ന് ആണ് വിമാനത്തില്‍നിന്ന് വ്യോമയാന റഡാറില്‍ അവസാന സിഗ്നല്‍ ലഭിച്ചത്. പിന്നീട് ഒരു മണിക്കൂര്‍ വിമാനം പറന്നുവെന്നാണ് മലേഷ്യന്‍ നാവികസേന പുറത്തുവിട്ട വിവരം. യാത്രാവിമാനം പറക്കേണ്ടിയിരുന്ന ഉയരത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ താഴെയായിരുന്നു ഇത്. അതിനാല്‍, വ്യോമയാന റഡാറില്‍ പതിഞ്ഞില്ല. വിമാനം റാഞ്ചുകയും മറ്റേതെങ്കിലും സ്ഥലത്തേക്കു തിരിച്ചുവിടുകയും ചെയ്തതാകാം എന്നതിന്റെ സൂചനയാണിത്. എന്നാല്‍, വിമാനം റാഞ്ചപ്പെട്ടു എന്ന സന്ദേശം പൈലറ്റ് നല്‍കിയിട്ടില്ല.

സാങ്കേതിക തകരാറ് സംഭവിച്ചതിനാല്‍ വിമാനം സമുദ്രോപരിതലത്തില്‍ ഇറക്കാന്‍ ശ്രമിച്ചിരിക്കാം. എന്നാല്‍, പൈലറ്റിന്റെ കണക്കുകൂട്ടലിനു വിപരീതമായി വിമാനം മൂക്കുകുത്തി വെള്ളത്തില്‍ വീഴുകയും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോവുകയും ചെയ്തിരിക്കാം. വിമാനത്തിന്റെ ഒരു അവശിഷ്ടം പോലും ലഭിക്കാത്തത് ഈ സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. വിമാനവും യാത്രക്കാരും അതേപടി സമുദ്രത്തിന്റെ അടിത്തട്ടില്‍. 27,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്രമേഖലയില്‍ വരെ തിരച്ചില്‍ നടത്തിയിരുന്നു.

വിമാനത്തിനു ഗുരുതരമായ സാങ്കേതിക പിഴവ് സംഭവിച്ചു; അല്ലെങ്കില്‍ പൈലറ്റിനു തെറ്റുപറ്റി. ഇതു രണ്ടും സംഭവിക്കാം. അപകടത്തില്‍പെട്ട വിമാനത്തിന്റെ ഒരു ചിറകിന് ചെറിയ തകരാറ് ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്തിരുന്നു. വിമാനത്തിനു സാങ്കേതിക തകരാര്‍ സംഭവിച്ചാലും അപകടം പിണഞ്ഞാലും അപായസന്ദേശം ലഭിക്കേണ്ടതാണ്. അത്തരം ഒരു സന്ദേശം പോലും ലഭിക്കാത്തതും ദുരൂഹത കൂട്ടുന്നു.

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളില്‍ ഒന്നാണ്, അപകടത്തില്‍ പെട്ട ബോയിങ് 777200. രണ്ട് എന്‍ജിനുകളും നിലച്ചുപോയാലും ആകാശത്തിലൂടെ 100 കിലോമീറ്റര്‍ വരെ പറന്നൊഴുകാനും വെള്ളത്തില്‍ ഇറങ്ങാനും സാധിക്കും. അപകടരഹിതമായ ചരിത്രമുള്ള, മികച്ച വ്യോമയാന കമ്പനികളിലൊന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ്. പൈലറ്റ് ആകട്ടെ, 33 വര്‍ഷത്തെ പരിചയവും 18,000 മണിക്കൂറിലേറെ വിമാനം പറത്തിയ അനുഭവവും ഉള്ളയാള്‍.

കാണാതായ വിമാനം അമേരിക്കയ്ക്ക് കീഴിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ ഇറക്കിയിട്ടുണ്ടാകാമെന്നും ചര്‍ച്ച വന്നിരുന്നു. അവര്‍ക്ക് വേണ്ടപ്പെട്ടത് സ്വന്തമാക്കിയ ശേഷം വിമാനം നശിപ്പിച്ചിരിക്കാമെന്നും ചിലര്‍ വാദിക്കുന്നു. ഒന്നിനും തെളിവില്ലെങ്കിലും ഇത്തരം ചര്‍ച്ചകള്‍ക്ക് ഒരു കുറവുമില്ല. ഇത്തരം വന്‍ വിമാനങ്ങള്‍ നിയന്ത്രിക്കാനുള്ള റിമോട്ട് സംവിധാനങ്ങള്‍ അമേരിക്കയുടെ കൈയിലുണ്ടാന്നാണ് പറയപ്പെടുന്നത്.

അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്ന എട്ടോളം ആശയവിനിമയ സംവിധാനങ്ങള്‍ ഉണ്ടായിട്ട് അപകടത്തെക്കുറിച്ചുള്ള നേരിയ സൂചനപോലും നല്‍കിയില്ല. എന്നുമാത്രമല്ല, അവ തീര്‍ത്തും നിര്‍ജ്ജീവമായിരുന്നു എന്നതാണ് ശരി. പൈലറ്റിനു കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനുള്ള സ്ഥിരം സംവിധാനങ്ങള്‍ക്കപ്പുറം, ട്രാന്‍സ്പോണ്ടര്‍, ഡാറ്റാ റിപ്പോര്‍ട്ടിങ് സിസ്റ്റം, സെക്കന്ററി റഡാര്‍ (എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം), റേഡിയോ-ഉപഗ്രഹ സിഗ്നലുകള്‍ അയയ്ക്കാനുള്ള ഉപകരണങ്ങള്‍, അവസാന രക്ഷയായ ‘ഡിജിറ്റല്‍ ഹലോ’ (പിംഗ്) കൈമാറാനുള്ള ചെറിയ ഉപകരണം. എല്ലാം ദുരൂഹമായി നിര്‍ജ്ജീവമായത് എങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തത നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

സാധാരണയായി വിമാനം കടലില്‍ വീണാല്‍ അവശിഷ്ട്ടങ്ങള്‍ ഏതെങ്കിലും തീരങ്ങളില്‍ വന്നടിയുന്നത് പതിവാണ്. എന്നാല്‍ ബ്ലാക്ക് ബോക്സിലെ റേഡിയേഷന്‍ പോലും കിട്ടുന്നില്ല എന്നതാണ് ഈ രണ്ടുവര്‍ഷത്തെ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റു രാജ്യങ്ങളുടെ റഡാറുകളില്‍ പോലും ഒന്നും പതിഞ്ഞിട്ടില്ല. പതിഞ്ഞുവെന്ന് പറഞ്ഞവര്‍ പിന്നീട് മാറ്റിപറയുകയും ചെയ്തു. ബീജിങ്ങിനെ ലക്ഷ്യമാക്കി പറന്ന വിമാനം പിന്നീട് തിരിച്ചു പറന്നത്, അസാധാരണമാം വിധം താഴ്ന്നു പറന്നത് എന്തിന്?

അതേസമയം, അമേരിക്കയുടെ രഹസ്യ പദ്ധതിയായിരുന്നു മലേഷ്യന്‍ വിമാനം റാഞ്ചലിനു പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. അതീവരഹസ്യങ്ങള്‍ അടങ്ങിയ രേഖകള്‍ ഈ വിമാനത്തില്‍ ചൈനയിലേക്ക് കടത്തുന്നത് അമേരിക്ക കണ്ടെത്തിയെന്നും ഉടനെ വിമാനം റാഞ്ചി ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ ഇറക്കിയെന്നുമാണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ പറയുന്നത്. ഈ രേഖകള്‍ കൈവശപ്പെടുത്താന്‍ അമേരിക്കയ്ക്കു വേണ്ടി സിഐഎ ആവാം വിമാനം റാഞ്ചിയത്.

പ്രതിരോധരംഗത്തെ പ്രധാന ഉപകരണങ്ങള്‍ നിര്‍മിക്കുന്ന യുഎസ് കമ്പനിയായ ഫ്രീ സ്‌കെയിലിന്റെ 20 വിദഗ്ധ എഞ്ചിനീയര്‍മാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നു എന്നത് രേഖകളിലുണ്ടായിരുന്നു. ഇവര്‍ ചൈനയിലെത്തുന്നത് തടയാന്‍ വേണ്ടിയാണ് ആകാശമധ്യേ വിമാനം റാഞ്ചിയതെന്നാണ് ഇവര്‍ വാദിക്കുന്നത്.

അഫ്ഗാന്‍ യുദ്ധത്തിനിടെ അമേരിക്കന്‍ സേനയില്‍ നിന്നു താലിബാന്‍ തട്ടിയെടുത്ത വിവരങ്ങള്‍ ചൈനക്കു കൈമാറാന്‍ പദ്ധതി ഉണ്ടായിരുന്നു. കാണാതായ മലേഷ്യന്‍ വിമാനത്തില്‍ ഈ വിലപ്പെട്ട രേഖകള്‍ ഉണ്ടായിരുന്നു. ചൈന ഈ രേഖകള്‍ സ്വന്തമാക്കിയാല്‍ അമേരിക്കയുടെ എല്ലാം തകരുമെന്ന ഭീതിയില്‍ വിമാനം തട്ടിയെടുത്ത് ഒറ്റപ്പെട്ട ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ ഇറക്കിയെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഇക്കാര്യം അമേരിക്ക തന്നെ നിഷേധിച്ചിട്ടുണ്ട്. ഈ ദ്വീപില്‍ എന്തു സംഭവിച്ചാലും ലോകത്ത് ഒരാളും അറിയില്ല. ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അമേരിക്കയിലെ രഹസ്യകേന്ദ്രങ്ങള്‍ക്കു മാത്രമേ അറിയൂ.

കാണാതായ മലേഷ്യന്‍ വിമാനം തിരച്ചില്‍ നടത്തുന്നതിനിടെ ഓസ്ട്രേലിയന്‍ ബീച്ചില്‍ കാറ്റുകൊള്ളാനിറങ്ങിയ ദമ്പതികള്‍ക്കു കിട്ടിയ ടവല്‍ കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചയായിരുന്നു. ആ ടവല്‍ പൊതി ദുരൂഹതകളുടെ ചുരുളഴിക്കുമെന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ വലിയൊരു ദുരന്തം നടക്കുമ്പോള്‍ ഒരു ടവല്‍ താഴേക്കിടാന്‍ സാധ്യത കുറവാണെന്നാണ് എംഎച്ച് 370 ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നത്.

എങ്കിലും, മൂന്നു വര്‍ഷം മുന്‍പു കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടി കാത്തിരിപ്പ് നീളുമ്പോള്‍ നിസ്സാരമെന്നു തോന്നുന്ന ഒരു ടവല്‍ പായ്ക്കറ്റും അമൂല്യമാണ്. മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നെഴുതിയ ടവല്‍ പൊതി കൂടുതല്‍ പരിശോധനകള്‍ക്കായി കാന്‍ബെറയിലേക്ക് അയച്ചിരുന്നു.

ഒരു പോറലുമേല്‍ക്കാതെ സമുദ്രത്തിലൂടെ കാതങ്ങള്‍ താണ്ടാന്‍ ഇത്തരമൊരു തൂവാലപ്പൊതിക്കാകുമെന്നു വിദഗ്ധര്‍ പറയുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നെഴുതിയിട്ടുണ്ടെന്നതൊഴിച്ചാല്‍ പ്രത്യേകിച്ചു മറ്റൊരു അടയാളവുമില്ലാത്ത ഈ പൊതി കാണാതായ മലേഷ്യന്‍ വിമാനത്തില്‍നിന്നുള്ളതാണോയെന്നു സ്ഥിരീകരിക്കുക അത്ര എളുപ്പമല്ലെന്നതാണ് വസ്തുത.

മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍നിന്നു ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലേക്കു 239 പേരുമായി പറന്ന വിമാനം എവിടെ പോയി? സകല സന്നാഹങ്ങളുമായി അന്വേഷണത്തിലാണ് ലോകം. ബഹിരാകാശത്തും ചൊവ്വയിലും സൂക്ഷ്മാന്വേഷണങ്ങള്‍ നടത്താനുള്ള സാങ്കേതികവിദ്യ ആധുനികശാസ്ത്രം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ഈ ഭൂമിയില്‍ തന്നെ ‘മറഞ്ഞ’ ഒരു വിമാനം കണ്ടെത്താന്‍ കഴിയുന്നില്ലേ? ഈ ചോദ്യത്തിന് ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാല എയറോസ്പേസ് എന്‍ജിനീയറിങ് പ്രഫസര്‍ മൈക്കല്‍ സ്മാര്‍ട് നല്‍കുന്ന ഉത്തരം ലളിതമാണ്: ‘ഈ ലോകം അത്രമേല്‍ വലുതാണ്; കടല്‍, വലിയൊരു കടങ്കഥയും’. വിമാനം കണ്ടെത്താനുള്ള തിരച്ചിലിന് ലോക രാജ്യങ്ങള്‍ മുഴുവന്‍ സഹായം നല്‍കിയിരുന്നു. മലേഷ്യ, ഓസ്ട്രേലിയ, ചൈന, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെല്ലാം ഇതില്‍ പങ്കാളികളായി. തിരച്ചിലിന് വേണ്ടി ചെലവഴിച്ചത് ഏകദേശം 160 മില്യണ്‍ ഡോളറാണ്. 46,000 ചതുരശ്ര മൈല്‍ പ്രദേശത്താണ് വിമാനത്തിന് വേണ്ടി ആഴക്കടല്‍ തിരച്ചില്‍ നടത്തിയത്.

https://youtu.be/A_kN-JmrUcM

 
എ എം

Share this news

Leave a Reply

%d bloggers like this: