താമസ സൗകര്യം ലഭിക്കുന്നില്ല: ട്രിനിറ്റിയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു

ഡബ്ലിന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നിത്യഹരിത ഭൂമിയായിരുന്ന അയര്‍ലന്‍ഡ് ഇപ്പോള്‍ നരകമായി പലര്‍ക്കും അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഈ മാസം കോളേജ് സീസണ്‍ ആരംഭിക്കുന്നതോടെ താമസ സൗകര്യമെന്ന പേടി സ്വപ്നം സ്വദേശ വിദേശ വിദ്യാര്‍ത്ഥികളെ അലട്ടുകയാണ്. ദൂരെയുള്ളവര്‍ ഡബ്ലിനിലുള്ള ബന്ധുക്കളുടെ കൂടെയും മറ്റു താല്‍ക്കാലിക താമസ കേന്ദ്രങ്ങളിലും അഭയം തേടിയിരിക്കുകയാണ് ഇപ്പോള്‍.

വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റുകള്‍ നല്‍കാന്‍ വീട്ടുടമകള്‍ തയ്യാറാകാത്ത പശ്ചാത്തലമാണ് ഇവിടെ ഉള്ളത്. ഒരു വാടക വീട് ഒപ്പിച്ച് എടുത്താല്‍ തന്നെ ഏറ്റവും കുറഞ്ഞത് 500 യൂറോ എങ്കിലും മാസ വാടകയാണ് വീട്ടുടമകള്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമുള്ള താമസ സ്ഥലങ്ങളില്‍ ആഴ്ചയില്‍ 230 യൂറോ ആണ് ഇപ്പോള്‍ ഈടാക്കിക്കൊണ്ടരിക്കുന്നത്.

ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റില്‍ മാസ്റ്റര്‍ ഡിഗ്രി എടുക്കാന്‍ എത്തിയതാണ് ശ്രീമുഖ് കൊവെറി എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഡബ്ലിനില്‍ എത്തിയ ഈ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് താമസ സൗകര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ടൂറിസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുന്ന ശ്രീമുഖ് ഒരു രാത്രിക്ക് 40 യൂറോ നല്‍കിയാണ് അന്തിയുറങ്ങുന്നത്. തനിക്കൊപ്പം മറ്റു രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടിയുണ്ടെന്ന് ശ്രീമുഖ് പറയുന്നു.

ടൂറിസ്റ്റ് ഹോസ്റ്റലില്‍ 14 ദിവസം മാത്രമാണ് ഒരാള്‍ക്ക് താമസിക്കാന്‍ അനുമതി ഉള്ളത്. ഒരു ഹോസ്റ്റലിലെ കാലാവധി അവസാനിക്കുമ്പോള്‍ അത് പുതുക്കി നല്‍കാറുമില്ല. അതുകൊണ്ട് തന്നെ കയ്യില്‍ ലഗേജുമായി ഒരു ഹോസ്റ്റലില്‍ നിന്നും മറ്റൊരു ഹോസ്റ്റലിലേക്ക് നിരന്തരമായി മാറി താമസിച്ചു വരികയാണ്. എത്ര ശ്രമിച്ചിട്ടും താമസിക്കാന്‍ ഒരു ഇടം കണ്ടെത്താന്‍ കഴിയാത്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിവെയ്ക്കാന്‍ പോലും മാനസികമായി തയ്യാര്‍ എടുത്തു വരികയാണ്.

കോളേജുകള്‍ നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളും-വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രവേശനം ലഭിക്കുന്ന ഹോസ്റ്റലുകളും സെപ്റ്റംബര്‍ തുടക്കത്തില്‍ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച നാഷണല്‍ സ്റ്റുഡന്റ് അക്കോമഡേഷന്‍ പ്ലാന്‍ അനുസരിച്ച് 2019-ല്‍ 7000 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാവുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന താമസ അസൗകര്യങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണുമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് മൗനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ഒരു ഇടം ലഭിച്ചില്ലെന്ന് അയര്‍ലന്‍ഡ് സ്റ്റുഡന്റ് യുനിയന്‍ നടത്തിയ സര്‍വേയിലും വ്യക്തമാക്കിയിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: