താപനില ഉയര്‍ന്നതോടെ ഇ.കോളി ബാക്റ്റീരിയ വ്യാപകമാകുന്നു; ഉറവിടം വ്യക്തമാക്കാനാവാതെ ആരോഗ്യവകുപ്പ് കൈമലര്‍ത്തുന്നു.

ഡബ്ലിന്‍: കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ 96 പേര്‍ക്ക് ഇ.കോളി ബാക്റ്റീരിയ ബാധിച്ചെന്ന് എച്ച്.എസ്.ഇ യുടെ റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നുമടങ്ങ് കൂടുതലാണിത്. ഇ.കോളി ബാക്ടീരിയയെ തുടര്‍ന്ന് പനി, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളാല്‍ നിരവധി ആളുകളാണ് ദിനംപ്രതി ചികിത്സക്ക് എത്തുന്നത്. അസുഖങ്ങള്‍ പലതാണെങ്കിലും പരിശോധനയില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

ശുചിത്വമില്ലായ്മയാകാം ഇ.കോളിയുടെ പ്രജനനത്തിന് കാരണമായി കണക്കാക്കുന്നത്. എന്നാല്‍ വ്യക്തമായി ഒരു ഉറവിടം കണ്ടെത്താന്‍ എച്ച്.എസ്.ഇ-ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചൂട് കൂടിയതിനെ തുടര്‍ന്ന് വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വീടുകളിലും, ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ഈ ബാക്ടീരിയയുടെ വര്‍ദ്ധനവിന് കാരണമാകുന്നു എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

സാധാരണയായി മനുഷ്യന്റെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഉടലെടുക്കുന്ന ബാക്ടീരിയയാണ് ഇ.കോളി. ഇത് പടര്‍ന്ന് പിടിക്കുന്നത് വന്‍ തോതിലുള്ള പ്രത്യാഘാതങ്ങള്‍ മനുഷ്യ ശരീരത്തിന് ഏല്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ബീച്ചിലും മറ്റും എത്തുന്നവര്‍ കടല്‍ വെള്ളത്തിന്റെ ഗുണനിലവാരം മനസിലാക്കി വേണം കടലില്‍ ഇറങ്ങേണ്ടതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. ഗുണനിലവാരമില്ലാത്ത ബീച്ചുകള്‍ ഏതെല്ലാമാണെന്ന് പരിസ്ഥിതി വകുപ്പ് ഇടയ്ക്കിടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്. മാത്രമല്ല കൗണ്ടി കൗണ്‌സിലുകളും അതാത് പരിധിയില്‍പ്പെട്ട ബീച്ചുകളില്‍ ഗുണനിലവാര പട്ടിക പുറത്തിറക്കുന്നുണ്ട്. ബീച്ചുകളിലും ഇത് അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ഫ്‌ലാഗുകളും, നോട്ടീസുകളും പതിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ അവഗണിക്കാതിരിക്കുക.

ഇറച്ചി, മത്സ്യം തുടിയവ വൃത്തിയാക്കുന്നവര്‍ ഇതിന് ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് കൈകഴുകാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. പച്ചക്കറികള്‍ കഴുകുന്നവരും ഇതേ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കുക. പകുതി വെന്ത മാംസാഹാരങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്നതിനാലാണ് ഈ ഒരു മുന്നറിയിപ്പ്. ചൂട് കൂടിയതാകാം ഇ.കോളി പോലുള്ള ബാക്ടീരിയകളുടെ വളര്‍ച്ചക്ക് വഴിയൊരുക്കുന്ന മറ്റൊരു കാരണമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: