തളര്‍ന്നു വീഴുമായിരുന്ന ഓട്ടക്കാരിയെ കൈപിടിച്ച് ഫിനിഷിങ് ലൈനിലെത്തിച്ച് മറ്റൊരു ഓട്ടക്കാരി; വീഡിയോ വൈറലാകുന്നു

 

ഡാലസ് മാരത്തോണ്‍ വേദിയാണ് രംഗം. ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിക്കുന്ന ഒരു ഓട്ടക്കാരി. ചാന്‍ഡ്ലര്‍ എന്നാണ് അവരുടെ പേര്. എന്നാല്‍ ഫിനിഷിങ് ലൈന്‍ അടുത്തതോടെ അവര്‍ ക്ഷീണിതയാവുകയും കുഴഞ്ഞ് വീഴാന്‍ പോവുകയും ചെയ്യുന്നു. എന്നാല്‍ വീഴാന്‍ തുടങ്ങിയ ചാന്‍ഡ്ലര്‍ക്ക് കൈത്താങ്ങായി ഒരു പെണ്‍കുട്ടിയെത്തി. അടുത്ത ട്രാക്കില്‍ മറ്റൊരു മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍. അരിയാന ലുട്ടര്‍മാന്‍ എന്നായിരുന്നു അവളുടെ പേര്.

കുഴഞ്ഞ് വീഴാന്‍ തുടങ്ങിയ മുപ്പത്തിരണ്ട് വയസ്സുകാരിയായ ചാന്‍ഡ്ലറെ ഫിനിഷിങ് ലൈന്‍ വരെ അരിയാന കൈപിടിച്ച് എത്തിച്ചു. ചാന്‍ഡ്ലറെ ഫിനിഷിങ് ലൈന്‍ വരെയെത്താനും വിജയിയാകാനും സഹായിച്ച അരിയാന ലുട്ടര്‍മാന്‍ എന്ന ഓട്ടക്കാരിയെ ലോകം കയ്യടിച്ച് അഭിനന്ദിക്കുകയാണ്.പതിനേഴ് വയസ്സുകാരിയായ അരിയാന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

‘ഞാന്‍ വിജയിച്ചോ എന്നായിരുന്നത്രെ’ വിജയിയായുള്ള പ്രഖ്യാപനത്തിനു ശേഷം ചാന്‍ഡ്ലര്‍ ചോദിച്ചതെന്ന് മുന്‍ഡോ ഡിപോര്‍ട്ടിവോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിനിഷിങ് ലൈനില്‍ തൊട്ട ശേഷം അവശയായി കുഴഞ്ഞുവീണ ചാന്‍ഡ്ലറെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മത്സരത്തിനിടെ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മിക്കാനാവില്ലെന്നും ചാന്‍ഡ്ലര്‍ പറഞ്ഞു. 39-ാം കിലോമീറ്റര്‍ ആയപ്പോഴേക്കും എന്റെ കാലുകള്‍ കുഴയാന്‍ തുടങ്ങി. 41 ആയപ്പോഴേക്കും അത് കൂടിക്കൂടി വന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ലായിരുന്നു- ചാന്‍ഡ്ലര്‍ മത്സര ശേഷം പറഞ്ഞു.

‘അവളെ എങ്ങനെയെങ്കിലും സഹായിക്കുക എന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഞങ്ങള്‍ ഫിനിഷിങ് ലൈനിനു സമീപത്ത് എത്തിയതോടെ ഞാന്‍ അവരെ മുന്നോട്ട് ചെറുതായൊന്ന് തള്ളിവിട്ടു’- അരിയാന പറഞ്ഞു. എതിരാളിയെ വിജയത്തിലേക്ക് കൈപിടിച്ച് നയിച്ച അരിയാനയുടെ പ്രവൃത്തിയെ കയ്യടിച്ച് അഭിനന്ദിക്കുകയാണ് ലോകം.

https://www.youtube.com/watch?v=VCFxBkqs1Rk

ഡികെ

 

Share this news

Leave a Reply

%d bloggers like this: