തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരില്‍ പഴികേട്ട സൈനിക ഉദ്യോഗസ്ഥന്‍ ശവേന്ദ്ര സില്‍വ ഇനി ശ്രീലങ്കന്‍ കരസേനാ മേധാവി…

ഇരുപത്താറുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്ന് മേജര്‍ ജനറല്‍ ശവേന്ദ്ര സില്‍വയെ ശ്രീലങ്കയുടെ പുതിയ കരസേനാ മേധാവിയായി പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചു. നിലവിലെ സൈനികമേധാവി ലെഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെയില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. തമിഴ് പുലികളുമായി 2009 ലെ അന്തിമയുദ്ധത്തില്‍ കരസേനയുടെ 58-ാം ഡിവിഷന്‍ നയിച്ചത് ശവേന്ദ്ര സില്‍വയായിരുന്നു. തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരില്‍ അന്ന് ഏറെ പഴികേട്ട സൈനികോദ്യോഗസ്ഥനാണ്.

യുദ്ധത്തിന്റെ അവസാനമാസങ്ങളില്‍ മാത്രം 45000-ത്തോളം തമിഴ് വംശജര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍. റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. ആശുപത്രികളില്‍പോലും ഷെല്ലാക്രമണം നടത്തി എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്ന കടുത്ത ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിട്ടുമുണ്ട്.

‘സില്‍വയെ ശ്രീലങ്കന്‍ ആര്‍മിയുടെ കമാന്‍ഡറായി നിയമിച്ചതില്‍ ഞാന്‍ ദുഃഖിതനാണ്. യുദ്ധകാലത്ത് അന്താരാഷ്ട്ര മനുഷ്യാവകാശവും മാനുഷിക നിയമങ്ങളും ലംഘിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹത്തിനും മറ്റു സൈനികര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ടിരുന്നത്’ എന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (ഒഎച്ച്‌സിഎച്ച്ആര്‍) മിഷേല്‍ ബാച്ചലെറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ശ്രീലങ്കന്‍ സേനയുടെ മനുഷ്യാവകാശധ്വംസനങ്ങള്‍ പുറത്തുകൊണ്ടുവന്ന, 2013-ല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കിയ, പ്രമേയത്തിലും ശവേന്ദ്രയുടെ പേര് പ്രതിപാദിക്കുന്നുണ്ട്.

സില്‍വയുടെ നിയമനം രാജ്യത്തിന് വളരെയധികം നഷ്ടമാണ് ഉണ്ടാക്കുകയെന്നാണ് യുദ്ധകാല കുറ്റകൃത്യങ്ങളെകുറിച്ച് അന്വേഷിക്കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ് പ്രോജക്റ്റ് പറഞ്ഞത്. ‘ഒരുപാട് രക്തച്ചൊരിച്ചിലുകള്‍ക്ക് ശേഷം ഇനിയും ആവര്‍ത്തിച്ചുള്ള അക്രമങ്ങള്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെയാണ് ശ്രീലങ്ക നടപടിയെടുക്കേണ്ടത്. എന്നാല്‍ അതിനുപകരം സില്‍വയെപോലുള്ളവര്‍ക്ക് നല്‍കുന്ന സ്ഥാനക്കയറ്റം ആ ശിക്ഷാനടപടികള്‍ എങ്ങിനെ ആയിരിക്കുമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്’ എന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യാസ്മിന്‍ സൂക പറയുന്നു.

Share this news

Leave a Reply

%d bloggers like this: