തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു; ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരുണാനിധി. 94 വയസായിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കരുണാനിധിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കരുണാനിധിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം സുരക്ഷശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിഎംകെ പ്രവര്‍ത്തകരെ കൊണ്ട് കാവേരി ആശുപത്രി പരിസരം തിങ്ങിനിറഞ്ഞിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിന് വന്‍ പൊലീസ് സന്നാഹത്തെയാണ് ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്ത് ദിവസമായി കരുണാനിധി ചികിത്സയിലാണ്. ജൂലൈ 28 ന് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി അതീവമോശമാവുകയും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി പതിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ശരീരം മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ വീണ്ടും ആശ്വാസവാര്‍ത്തകളെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പെട്ടെന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.

സിനിമയും രാഷ്ട്രീയവും അതിര്‍വരമ്പുകളില്ലാത്ത തമിഴകത്ത് നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂണ്‍ 23 ന് ആണ് മുത്തുവേല്‍ കരുണാധിനി ജനിക്കുന്നത്. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു മാതാപിതാക്കള്‍ കരുണാനിധിയ്ക്ക് ഇട്ട പേര്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലും സിനിമയിലും താത്പര്യം പ്രകടിപ്പിച്ച കരുണാനിധി 14-ാം വയസുമുതല്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടു തുടങ്ങി.

സിനിമയില്‍ തിരക്കഥ രചിച്ചുകൊണ്ടാണ് കരുണാനിധി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇരുപതാമത്തെ വയസില്‍ ജ്യൂപിറ്റര്‍ പിക്‌ച്ചേഴ്‌സിന്റെ കൂടെ തിരക്കഥാകൃത്തായി ചേര്‍ന്നു. രാജകുമാരിയായാണ് ആദ്യസിനിമ. കണ്ണമ്മ, മണ്ണിന്‍ മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറൈവകള്‍, പൂംപുഹാര്‍ തുടങ്ങി നിരവധി സിനിമകള്‍

1957ല്‍ തന്റെ 33-ാമത്തെ വയസില്‍ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക് കരുണാനിധി മത്സരിച്ച് തമിഴ്‌നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്. 1961 ല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ല്‍ പ്രതിപക്ഷ ഉപനേതാവ്, 1967ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, 1969-ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലായ് 27ന് കരുണാനിധി പാര്‍ട്ടി അധ്യക്ഷനായതിന്റെ 50-ാം വാര്‍ഷികമായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: