തമിഴകത്തിന്റെ കലൈഞ്ജര്‍

തമിഴകത്തിന്റെ കലൈഞ്ജര്‍ ഇനിയില്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 94 വയസെത്തിയ തമിഴ്‌നാടിന്റെ നേതാവ്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത് എന്ന വിവരം പുറത്തുവന്നപ്പോള്‍ത്തന്നെ ഏവരും ഹൃദയഭേദകമായ ഈ വാര്‍ത്ത പ്രതീക്ഷിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

ഇത്രയും കരുത്തരായ നേതാക്കള്‍ ഇന്ത്യയില്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ കരുണാനിധിയെ അടയാളപ്പെടുത്തുന്നത്. വെറും 13 വയസുള്ളപ്പോള്‍ സംഘടിച്ച് ശക്തരാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. കൗമാരത്തിലേക്ക് കടന്ന ഒരു കുട്ടിക്ക് എത്രത്തോളം രാഷ്ട്രീയബോധമുണ്ടാകും എന്ന് ഇപ്പോള്‍ ഊഹിച്ചാല്‍ ഒരു ഉത്തരം ലഭിക്കില്ല. എന്നാല്‍ അളക്കാന്‍ പറ്റുന്നതിനുമപ്പുറമായിരുന്നു കരുണാനിധിയുടെ ചിന്തകള്‍.

നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായിട്ടാണ് കരുണാനിധിയുടെ ജനനം. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു അച്ഛനമ്മമാര്‍ നല്‍കിയ പേര്. സ്‌കൂള്‍ കാലത്തുതന്നെ നാടകം, കവിത എന്നിവയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായിട്ടാണ് പതിമൂന്നാം വയസ്സില്‍ത്തന്നെ അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങിയത്.

ഇതേ സമയത്ത് വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടന കരുണാനിധി രൂപീകരിച്ചു. ഇത് പിന്നീട് സംസ്ഥാനമ മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ത്ഥി കഴകമായി മാറി. ഇന്നും വിദ്യാര്‍ത്ഥി കഴകമാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം.

രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ചുതുടങ്ങിയ കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായി. പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ ജോലി ചെയ്യാനാരംഭിച്ചു. പിന്നീട് മുരസൊലി എന്ന പത്രംതന്നെ ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി അദ്ദേഹം സ്ഥാപിച്ചു. വലിയ ജനപിന്തുണയാണ് ഈ നീക്കങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന് ലഭിച്ചത്.

ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് അദ്ദേഹത്തെ സമീപിക്കുന്നത്. ഇതിനായി പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം കരുണാനിധിയെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ അദ്ദേഹം സിനിമ ചെയ്തു. രാജകുമാരിയുടെ സെറ്റില്‍വച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു വലിയ വഴിത്തിരിവ് സംഭവിക്കുന്നത്. സിനിമയില്‍ നായകവേഷം ചെയ്യുന്ന മലയാളിയായ യുവനടനുമായി അദ്ദേഹം സൗഹൃദത്തിലായി. ആ യുവനടനായിരുന്നു പിന്നീട് തമിഴകം അടക്കിവാണ എംജി രാമചന്ദ്രന്‍ എന്ന സാക്ഷാല്‍ എംജിആര്‍. എംജിആറിന് സ്‌ക്രീനില്‍ ലഭിച്ച അമാനുഷിക പരിവേഷം രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താം എന്ന് ആദ്യം തിരിച്ചറിയുന്നത് കരുണാനിധിയാണ്. ഗാന്ധിജിയുടെ ആശയങ്ങള്‍ മനസില്‍കൊണ്ടുനടന്ന എംജിആറിനെ കരുണാനിധി ദ്രാവിഡന്‍ ആശയങ്ങള്‍ പരിചയപ്പെടുത്തി.

തമിഴകത്തെ തങ്ങളുടെ സിനിമാപ്രഭ കൊണ്ട് കൈയിലെടുത്ത എംജിആറിൽ നിന്നും ജയലളിതയിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു കരുണാനിധി. കരുണാനിധിയെ ജനങ്ങൾ കാണാനെത്തിയത്, ജയലളിതയില്‍ നിന്നും എംജിആറിൽ നിന്നും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടായിരുന്നു. അവയിൽ പ്രധാനമായിരുന്നു കാവ്യം തുളുമ്പുന്ന കരുണാനിധിയുടെ വാക്കുകൾ. താരപ്രഭയില്ലാതെ തന്നെ കരുണാനിധി തന്റെ വാക്കുകൾ കൊണ്ട് തമിഴകത്തെ, അതിന്റെ ദ്രാവിഡരാഷ്ട്രീയ വേരുകളെ തനിക്കൊപ്പം നിറുത്തി.

1957ല്‍ മുപ്പത്തിമൂന്നാം വയസിലാണ് ആദ്യമായി നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. നാല് വര്‍ഷങ്ങള്‍ക്കുശേഷം ഡിഎംകെയുടെ ട്രഷററായി. 1967ല്‍ ഡിഎംകെ അധികാരത്തിലെത്തിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായാണ് മന്ത്രിസഭയിലേക്കുള്ള പ്രവേശം. 1969ല്‍ ഡിഎംകെ എന്ന പാര്‍ട്ടിയെ ജനമനസുകളിലേക്കെത്തിച്ച അണ്ണാദുരൈ അന്തരിക്കുകയും കരുണാനിധി മുഖ്യമന്ത്രിയാവുകയും ചെയ്തു. ചില പ്രശ്‌നങ്ങള്‍ അണ്ണാദുരൈയുമായും ഉണ്ടായിട്ടില്ലെന്നല്ല, എങ്കിലും പാര്‍ട്ടിയിലെ രണ്ടാമന്‍ കരുണാനിധിതന്നെയായിരുന്നു. ഇതോടെ തമിഴ്‌ രാഷ്ട്രീയത്തിലെ ഒരു മഹാമേരുവായി അദ്ദേഹം വളര്‍ന്നു.

പിന്നീട് എംജിആര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് തുടര്‍ച്ചയായി മുഖ്യമന്ത്രി പദവി അലങ്കരിച്ചുവെങ്കിലും തുല്യശക്തിയായി കരുണാനിധി നിലകൊണ്ടു. മൊത്തം 13 തവണ നിയമസഭയിലെത്തിയ അദ്ദേഹം അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി. മുഴുവന്‍ സീറ്റുകളും ജയിച്ച് അധികാരത്തില്‍ എത്തിയതും ജയലളിതയുമായുള്ള തുറന്ന പോരുമെല്ലാം കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തിലെ അധ്യായങ്ങളാണ്.

നൂറിലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം കവിതയിലും നോവലിലും നാടകത്തിലുമെല്ലാം കൈവച്ചു. 1947ല്‍ രാജകുമാരിയില്‍ത്തുടങ്ങി 2011ല്‍ പൊന്നര്‍ ശങ്കറില്‍ വരെയുള്ള സിനിമകളില്‍ ആ രചനാ വൈഭവം തെളിഞ്ഞുകണ്ടു. എംജിആറിനേയും ശിവാജി ഗണേശനേയും സൂപ്പര്‍താരങ്ങളാക്കിയ തൂലിക കരുണാനിധിയുടേതാണെന്നും ശ്രദ്ധേയം. സാമൂഹിക പരിഷ്‌കരണത്തിന് ഉതകുന്ന ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകളില്‍ തിളങ്ങിനിന്നത്. ഫ്യൂഡലിസത്തിനും വര്‍ണ-ജാതി വിവേചനത്തിനും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ അദ്ദേഹം എഴുതി.

കറകളഞ്ഞ യുക്തിവാദിയായിരുന്നു കരുണാനിധി. സമൂഹത്തില്‍ നിലനിന്നിരുന്ന എല്ലാവിധ പുഴുക്കുത്തുകള്‍ക്കുമെതിരെ ശബ്ദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം എന്ന സങ്കല്‍പ്പത്തെ തള്ളി അദ്ദേഹം പെരിയോരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം മോഷ്ടാവ് എന്നാണെന്ന് പറഞ്ഞപ്പോഴും രാമസേതു പ്രശ്‌നത്തില്‍ രാമന്‍ എഞ്ചിനീയറിംഗ് എടുത്തത് എവിടെനിന്നാണ് എന്ന് ചോദിച്ചപ്പോഴും അത് ഉള്‍ക്കൊള്ളാന്മാത്രം പക്വത തമിഴ് ജനത നേടിയിരുന്നു.

ഡിഎംകെ എന്ന പാര്‍ട്ടിതന്നെ നാസ്തിക ആശയങ്ങളുടെ അടിത്തറയില്‍ നിലകൊള്ളുന്നതാണ്. ഇന്നും ബിജെപിയും ആര്‍എസ്എസും അടിച്ചേല്‍പ്പിക്കുന്ന ഹിന്ദുത്വ വാദങ്ങളെ ചെറുക്കാനുള്ള നട്ടെല്ല് തമിഴന് ലഭിച്ചതിന് കാരണം പെരിയോരുടേയും അണ്ണാദുരൈയുടെയും അടിയുറച്ച ആശയങ്ങളും നേതൃത്വ പാടവവും തന്നെയാണ്.

സിനിമയുമായും സാഹിത്യവുമായുമുള്ള ബന്ധം രസകരവും പ്രാസമൊക്കുന്നതുമായ മുദ്രാവാക്യങ്ങള്‍ ഒരുക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചു. ജനതാപാര്‍ട്ടിയുടെ ഭരണപരാജയം തുറന്നുകാട്ടിയ ‘താലിക്ക് തങ്കമില്ലൈ, താളിക്കാന്‍ തക്കാളി ഇല്ലൈ’ എന്ന മുദ്രാവാക്യം ഉദാഹരണം. വിവാഹത്തിനാണെങ്കില്‍ സ്വര്‍ണവുമില്ല കറിവയ്ക്കാന്‍ തക്കാളിയുമില്ല എന്ന വാചകം തമിഴ്മനസിലുടക്കി. കോണ്‍ഗ്രസ്-ഡിഎംകെ കൂട്ടുകെട്ടിനായി ഒരുക്കിയ ‘നെഹ്‌റുവിന്‍ മകളേ വരിക, നിലനായ ആച്ചി തരിക’ എന്ന മുദ്രാവാക്യവും പ്രശസ്തം.

മനസുകൊണ്ട് കമ്യൂണിസ്റ്റ് ആശയങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന ആള്‍ എന്നുപറയുമ്പോള്‍ത്തന്നെ അവസാന കാലഘട്ടത്തില്‍ അടിസ്ഥാന ആശയങ്ങളില്‍നിന്നുള്ള വിടുതലും പ്രത്യേകം പരാമര്‍ശിക്കേണ്ടതുതന്നെ. 39 സീറ്റുകളും തൂത്തുവാരി ഡിഎംകെ കേന്ദ്രത്തിലെ യുപിഎയുടെ നെടുന്തൂണായി. കേന്ദ്രസര്‍ക്കാറില്‍ ഡിഎംകെയുടെ തേര്‍വാഴ്ച്ചയാണ് പിന്നീട് കണ്ടത്. എ രാജ, ടിആര്‍ ബാലു, ദയാനിധിമാരന്‍ എന്നിവരെല്ലാം ക്യാബിനറ്റിലെ പ്രധാനികളായി. ഇന്ത്യന്‍ രാഷ്ട്രീയംതന്നെ ഈ 39 സീറ്റുകള്‍ക്ക് ചുറ്റുംകൂടി.

തമിഴകത്തുനിന്ന് കേന്ദ്രത്തിലെത്തിയ ഡിഎംകെ പ്രതിനിധികള്‍ യുപിഎ ഗവണ്‍മെന്റിനെത്തന്നെ പടുകുഴിയിലേക്ക് ആനയിച്ചു. യുപിഎ ഗവണ്‍മെന്റ് അഴിമതിയുടെ കൂമ്പാരമായി. ജനങ്ങള്‍ ഭരണം വെറുത്തുതുടങ്ങി. ഇത് കൃത്യമായി ബിജെപി മുതലെടുത്തു. അങ്ങനെനോക്കിയാല്‍ ഇന്ന് എന്‍ഡിഎ സര്‍ക്കാറിന് കീഴില്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകാന്‍ കാരണമായതില്‍ വലിയ ഉത്തരവാദിത്തം കരുണാനിധിയുടെ പാര്‍ട്ടിക്കുമുണ്ട്.

50 വര്‍ഷം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അധ്യക്ഷനായി ഒരാള്‍ ഇരുന്നതും ചരിത്രം. ഇത്രയും കരുത്തുറ്റ ഒരു നേതാവിനെ തമിഴ്‌നാട് കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തിനിടയില്‍ കണ്ടിട്ടുണ്ടോ എന്നുചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് ഉത്തരം. 50 വര്‍ഷത്തെ തമിഴ്‌നാടിന്റെ ചരിത്രമെന്നാല്‍ അത് മറ്റാരുടെയുമല്ല, കരുണാനിധിയുടെ ചരിത്രമാണെന്നുപറയാന്‍ സംശയിക്കേണ്ടതില്ല. എംജിആറും ജയലളിതയുമെല്ലാം കരുണാനിധിയുടെ ജീവിത കഥയിലെ സഹതാരങ്ങള്‍ മാത്രമായിരുന്നു.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: