തന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്. അവരോട് പരിഭവമില്ലെന്ന് മാണി

തിരുവനന്തപുരം: നിയമ മന്ത്രിയെന്ന നിലയില്‍ നിയമത്തോടുള്ള ആദരസൂചകമായാണ് തന്റെ രാജിയെന്ന് കെ.എം മാണി. തനിക്കെതിരെ ജഡ്ജിയുടെ ഭാഗത്തുനിന്നും ഗുരുതരമായ കുറ്റാരോപണം ഉണ്ടായിട്ടില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കോടതി ഉത്തരവിന്റെ പേരില്‍ ധാര്‍മികമായോ നിയമപരമായോ രാജിവെക്കേണ്ടതില്ല. മനഃസാക്ഷിയുടെ പ്രേരണയിലാണ് രാജിയെന്നും അദ്ദേഹം പ്രതികരിച്ചു.

തന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്. അവരോട് പരിഭവമില്ല. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നത്. പിന്നില്‍ ആരെന്ന് അറിയാം. പക്ഷേ മാന്യതകൊണ്ട് ഇപ്പോള്‍ പറയുന്നില്ല. തനിക്ക് നീതി ലഭിച്ചില്ല. യു.ഡി.എഫില്‍നിന്ന് കൂടുതല്‍ പരിഗണന പ്രതീക്ഷിച്ചിരുന്നു. തനിക്കെതിരെ എഫ്.ഐ.ആര്‍ എടുക്കാന്‍ പാടില്ലായിരുന്നു. എന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. നൂറു ശതമാനം മനഃസാക്ഷിയുടെ പ്രേരണയിലാണ് രാജിവച്ചത്.
പി.ജെ. ജോസഫ് തനിക്കൊപ്പം രാജിവയ്ക്കണമെന്ന് ആഗ്രഹിച്ചിട്ടും ആവശ്യപ്പെട്ടിട്ടുമില്ല. ഉണ്ണ്യാടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തന്നോടുള്ള സ്‌നേഹത്തിന്റെ ഭാഗമായാണ് ഉണ്ണ്യാടന്റെ രാജി. എന്നോടൊപ്പം എന്റെ പാര്‍ട്ടിയില്‍പ്പെട്ട ആരെങ്കിലും രാജിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നു. ഇപ്പോള്‍ നടക്കുന്നത് തേജോവധമാണ്. രാഷ്ട്രീയം ഇങ്ങനെയാണ്. ആരോപണങ്ങള്‍ ജനസേവനത്തിന്റെ ഭാഗമാണ്.സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കുമെന്ന കോടതി പരാമര്‍ശം ആരോപണ വിധേയനായ മന്ത്രി സ്ഥാനത്തിരിക്കെ അന്വേഷണം എങ്ങനെ മുന്നോട്ട് പോകുമെന്നാണ്. അല്ലാതെ താന്‍ കുറ്റക്കാരനാണെന്നല്ല.

അയോഗ്യനാക്കാന്‍ പോകുന്നതിനാല്‍ അതിനേക്കാള്‍ മുമ്പ് രാജിവച്ചേക്കാം എന്ന ചിന്തയാണ് പി.സിയുടെ രാജിക്ക് കാരണം. ഉമ്മന്‍ ചാണ്ടിയോട് പരിഭവമില്ല. എല്ലാവരോടും സമഭാവനയോടെ കാണുകയും സ്‌നേഹിക്കുകയും ചെയ്‌യുന്നയാളാണ് ഉമ്മന്‍ ചാണ്ടി. സുധാര്യവും സംശുദ്ധവുമായ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവതമാണ് തന്റെ കൈമുതലെന്നതില്‍ അഭിമാനമുണ്ടെന്ന് മാണി പറഞ്ഞു

Share this news

Leave a Reply

%d bloggers like this: