തന്റെ മുന്നിലേക്ക് ഓടിയെത്തിയ കുരുന്നിന്റെ കളിചിരികള്‍ ആസ്വദിച്ച് ഫ്രാന്‍സിസ് പാപ്പാ; വീഡിയോ വൈറല്‍

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനും ബഹുമാനിക്കുന്ന വ്യക്തിയെ കാണാനും അദ്ദേഹം പറയുന്നത് കേള്‍ക്കാനുമാണ് അവിടെ ഇത്രയധികം ആളുകള്‍ കൂടിയിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായം വെന്‍സല്‍ വേര്‍ത്തിനുണ്ടായിരുന്നില്ല. മാര്‍പാപ്പയുടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കിടെ അമ്മയ്ക്കരികിലിരുന്ന വെന്‍സല്‍ എന്ന ആറു വയസുകാരന്‍ കുതറി വേദിയിലേക്കോടിയത് മാര്‍പാപ്പയെ കാണാനായിരുന്നില്ല. അവന്റെ ശ്രദ്ധ പോപ്പിന്റെ ഇരിപ്പിടത്തിനരികില്‍ നില്‍ക്കുന്ന അംഗരക്ഷകന്റെ മഞ്ഞയും നീലയും നിറങ്ങളിടകലര്‍ന്ന വസ്ത്രത്തിലും തൊപ്പിയിലും കൈയുറകളിലുമായിരുന്നു.

ആരെങ്കിലും തടഞ്ഞു നിര്‍ത്തുന്നതിനു മുമ്പ് വേദിയിലോടിക്കയറിയ വെന്‍സല്‍ പോപ്പ് ഫ്രാന്‍സിസിനെ ഒന്നു പാളി നോക്കി നേരെ അംഗരക്ഷകന്റെ അരികിലെത്തി കൈയില്‍ പിടിച്ചു. അതിനു ശേഷം മാര്‍പാപ്പയുടെ കസേരയുടെ പിന്നിലെത്തി. ഇടയ്ക്ക് അവന്‍ നിലത്ത് കിടന്നുരുളുകയും ചെയ്തു. ഓമനത്തമുള്ള വെന്‍സലിന്റെ കുസൃതി മാര്‍പാപ്പ ആസ്വദിച്ചു. അവനെ തടയേണ്ടെയെന്നു നിര്‍ദേശിക്കുകയും സമീപത്തിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍വെയ്‌നിനോട് തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തു അദ്ദേഹം.

അപ്പോഴേക്കും വേദിയിലെത്തിയ വെന്‍സലിന്റെ അമ്മ അവനെ തിരിച്ചു കൊണ്ടുപോയി. അവര്‍ പോപ്പിനോട് സംസാരിക്കുകയും ചെയ്തു. അവര്‍ മടങ്ങിയ ശേഷം മാര്‍പാപ്പ സദസിനോട് വെന്‍സനിലെ കുറിച്ച് പറഞ്ഞു. അവന് സംസാരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രയാസമില്ലെന്നുമുള്ള വെന്‍സലിന്റെ അമ്മ പറഞ്ഞ വിവരങ്ങള്‍ മാര്‍പാപ്പ സദസിനോട് പങ്കുവെച്ചു. മാര്‍പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി വടക്കന്‍ ഇറ്റലിയിലെ വെറോണയില്‍ നിന്നെത്തിയതാണന്നും യാത്ര ചെയ്ത് മടുത്തത് കൊണ്ടാണ് കുഞ്ഞ് അധികനേരം അടങ്ങിയിരിക്കാനാവാതെ കുസൃതി കാണിക്കാന്‍ ശ്രമിച്ചതെന്നും വെന്‍സലിന്റെ അച്ഛന്‍ ഏരിയല്‍ വെര്‍ത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: