തനിച്ചല്ല ഞാന്‍..

മലയാള സിനിമയില്‍ ശുദ്ധ ഹാസ്യത്തിന്റെ വേഷപ്പകര്‍ച്ചകള്‍ കൊണ്ട് നിറചിരി സമ്മാനിച്ച കല്‍പ്പനയെന്ന അഭിനേത്രിയെ ഓര്‍ത്ത് വിതുമ്പുകയാണ് ചലച്ചിത്ര ലോകം. അഭിനയത്തിന്റെയും ജീവിതത്തിന്റെയും അരങ്ങില്‍ നിന്ന് കല്‍പ്പന മാഞ്ഞുപോകുമ്പോള്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് ഓര്‍മ്മയില്‍ നിറയുന്നത്. മലയാളത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ നഷ്ടപ്പെടലാകുന്നു കല്‍പ്പനയുടെ വേര്‍പാട്. ജഗതി ശ്രീകുമാറുമൊത്തുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് നമ്മെ ഏറെ ചിരിപ്പിച്ചത്. സിഐഡി ഉണ്ണികൃഷ്ണനിലെ വേലക്കാരി ക്ലാരയും ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലെ തങ്കിയും ഡോ. പശുപതിയിലെ യുഡിസിയും ചിരിയുടെ വിസ്മയം തീര്‍ത്ത കഥാപാത്രങ്ങളില്‍ ചിലതു മാത്രം.

നാടക പ്രവര്‍ത്തകരായിരുന്ന ചവറ വി പി നായരുടെയും വിജയലക്ഷമിയുടെയും മകളായി 1965 ഒക്ടോബര്‍ അഞ്ചിനാണ് കല്‍പ്പന ജനച്ചത്. ചലചിത്ര താരങ്ങളായ ഉര്‍വശിയും കലാരഞ്ജിനിയും സഹോദരിമാര്‍. ബാലതാരമായി അഭിനയം ആരംഭിച്ച കല്‍പ്പന 1983ല്‍ എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത മഞ്ഞ് എന്ന ചിത്രത്തിലൂടെ സിനിമലോകത്ത് സജീവമായി. 1981ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത പോക്കുവെയിലിലെ നായിക കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.1985ല്‍ കെ ഭാഗ്യരാജിനൊപ്പം ചിന്ന വീട് എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റവും നടത്തി. തമിഴില്‍ വലിയ വിജയമാണ് ഈ ചിത്രം നേടിയത്.

ദ സ്പിരിറ്റ് എന്ന ചിത്രത്തിലെ വീട്ടുജോലിക്കാരിയുടെ വേഷത്തില്‍ മിന്നുന്ന പ്രകടനമാണ് അവര്‍ കാഴ്ച വെച്ചത്. മദ്യപാനിയായ നന്ദുവിന്റെ ഭാര്യാവേഷം പകരം വെക്കാനില്ലാത്ത അഭിനയ സിദ്ധികൊണ്ട് അവര്‍ മനോഹരമാക്കി. മിസ്റ്റര്‍ ബ്രഹ്മചാരിയിലും പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലും തുടങ്ങി ഏറ്റവുമൊടുവില്‍ അഭിനയിച്ച ചാര്‍ളി വരെ വിവിധ ഭാഷകളിലായി മൂന്നൂറിലധികം ചിത്രങ്ങളിലാണ് കല്‍പ്പന അഭിനയിച്ചത്. നിരവധി സ്റ്റേജി ഷോകളിലും റിയാലിറ്റി ഷോകളിലും കല്‍പ്പന സജീവമായിരുന്നു.

ബാബു തിരുവല്ല സംവിധാനം ചെയ്ത തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ പുരസ്‌കാരം കല്‍പ്പനയ്ക്ക് ലഭിച്ചു. ചെല്ലമ്മ അന്തര്‍ജനം എന്ന ബ്രാഹ്മണ സ്ത്രീയും റസിയ ബീവി എന്ന മുസ്ലിം സ്ത്രീയും തമ്മിലുള്ള അസാധരണ ബന്ധത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. റസിയ ബീവിയെയാണ് കല്‍പ്പന അവതരിപ്പിച്ചത്.

ഏക മകള്‍ ശ്രീമയിയോടൊപ്പം തൃപ്പൂണിത്തുറയിലായിരുന്നു കല്‍പ്പനയുടെ താമസം. 1998ല്‍ സംവിധായകന്‍ അനിലിനെ വിവാഹം കഴിച്ചെങ്കിലും 2012ല്‍ വേര്‍പിരിഞ്ഞു. ഉര്‍വശി, കലാരഞ്ജിനി എന്നീവര്‍ക്കു പുറമേ പരേതരായ കമല്‍ റോയിയും പ്രിന്‍സും കല്‍പ്പനയുടെ സഹോദരങ്ങളാണ്.

മിഴികളില്‍ നനവു പടര്‍ത്തി കല്‍പ്പന ഓര്‍മ്മയിലേക്ക് മറയുമ്പോള്‍ അവര്‍ തനിച്ചല്ലെന്ന ആശ്വസിക്കാം. ലക്ഷക്കണക്കായ ചലച്ചിത്ര പ്രേമികളുടെയും സഹപ്രവര്‍ത്തകരുടെയും പ്രാര്‍ഥനകളുണ്ട്, സ്‌നേഹമുണ്ട്, കണ്ണുനീരുണ്ട് കല്‍പ്പനയ്ക്ക് കൂട്ടായി..തനിച്ചല്ല കല്‍പ്പന…

എംഎന്‍

Share this news

Leave a Reply

%d bloggers like this: